Body Patent: ഇനി ശരീരത്തിനും വേണോ പേറ്റന്റ്, ഡീപ് ഫെയ്ക്കിനെ പേടിച്ച് ചട്ടവുമായി ഡെന്മാർക്ക്
Body Patent Law to Combat Deep Fakes: പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരുടെ ചിത്രം വീഡിയോ ഓഡിയോ എന്നിവ ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാകും.

കൊച്ചി: സാധാരണ നമ്മൾ പേറ്റന്റ് എടുക്കുന്നത് കണ്ടെത്തലുകൾക്കും നമ്മുടേതായ സൃഷ്ടികൾക്കുമാണ്. എഐയുടെയും ഡീപ് ഫേക്ക് വീഡിയോസിന്റെയും കാലമാണിത്. അതിനാൽ തന്നെ ശരീരത്തിന് പേറ്റന്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുകയാണ് ഡെന്മാർക്ക്. സൈബർ ലോകത്ത് അതിവേഗം പ്രചരിക്കുന്ന ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് തടയിടാൻ ആണ് ഈ പുതിയ നിയമനിർമ്മാണം. വ്യക്തികളുടെ രൂപം ശബ്ദം ശരീരഭാഷ എന്നിവ ഡീപ്പ് ഫേക്ക് ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഒരാളുടെ ശരീരത്തിന് പേറ്റന്റ് ലഭിക്കും.
നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരുടെ ചിത്രം വീഡിയോ ഓഡിയോ എന്നിവ ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാകും. സെലിബ്രിറ്റികൾ രാഷ്ട്രീയക്കാർ സാധാരണക്കാർ എന്നിങ്ങനെ എല്ലാവരുടെയും സ്വകാര്യത ലംഘിക്കപ്പെടുന്നത് തടയാനാണ് ഈ നീക്കം.
Also Read:വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; വലിയ ആത്മവിശ്വാസത്തിലെന്ന് മകന്‍
എന്തിനിങ്ങനെ ഒരു നീക്കം
ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് വ്യക്തികളുടെ സൽപേരിലും മാനസികാരോഗ്യത്തിനും ഭീഷണിയാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടാം. ഇത്തരം പ്രവണതകൾ തടയാൻ ഇപ്പോഴത്തെ നിയമങ്ങൾ അപര്യാപ്തമാണ് എന്ന് തിരിച്ചറിവിലാണ് അധികൃതർ പുതിയ ചട്ടത്തിന് രൂപം നൽകുന്നത്.
മറ്റു രാജ്യങ്ങളിൽ
ഡീപ്പ് ഫെയ്ക്ക് ഒരു ആഗോള ഭീഷണിയായി മാറിയിട്ടുണ്ടെങ്കിലും ഡെന്മാർക്കിനെ പോലെ ശക്തമായ നിയമനിർമ്മാണത്തിന് തയ്യാറായ രാജ്യങ്ങൾ കുറവാണ്. പല രാജ്യങ്ങളും നിലവിലുള്ള സൈബർ നിയമങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഡെന്മാർക്ക് ഒരു പടി കൂടി കടന്ന് വ്യക്തികളുടെ ശരീരത്തിന് നിയമപരമായ സംരക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു പുതിയ മാതൃകയായി മറ്റു രാജ്യങ്ങളും പകർത്തിയേക്കാം.