X Platform: ട്വിറ്ററിന്റേതായി ഒന്നും തന്നെ ഇനി ബാക്കിയില്ല; യുആര്‍എലും ഇനി എക്‌സ്.കോം
ഇനി മുതല്‍ എക്‌സിന്റെ യുആര്‍എല്‍. ഇതുവരെ ട്വിറ്റര്‍.കോം എന്ന യുആര്‍എല്ലിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിച്ചിരുന്നത്. റീബ്രാന്‍ഡ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുആര്‍എല്‍ മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ നീലയും വെള്ളയും നിറമില്ല, ട്വീറ്റുകള്‍ പോസ്റ്റുകളായി മാറി, അങ്ങനെ ഒട്ടനവധി മാറ്റങ്ങള്‍ക്ക് ട്വിറ്റര്‍ വിധേയമായി. ഒടുക്കം പേരും മാറ്റി, ട്വിറ്ററിന്റെ നീലയും വെള്ളയും നിറത്തില്‍ നിന്ന് കറുത്ത എക്‌സിലേക്കുള്ള യാത്രയായിരുന്നു അത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ യുആര്‍എലും മാറി കഴിഞ്ഞു. എക്‌സ്.കോം എന്നായിരിക്കും ഇനി മുതല്‍ എക്‌സിന്റെ യുആര്‍എല്‍. ഇതുവരെ ട്വിറ്റര്‍.കോം എന്ന യുആര്‍എല്ലിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിച്ചിരുന്നത്. റീബ്രാന്‍ഡ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുആര്‍എല്‍ മാറ്റിയിരിക്കുന്നത്.
ഈ മാറ്റത്തോടെ, ട്വിറ്റര്‍.കോം ഓപ്പണ്‍ ആക്കുന്ന ഉപയോക്താക്കളെ എക്‌സ്.കോമിലേക്ക് റീഡയക്ട് ചെയ്ത് ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷന്‍ വഴി ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതാണ്. എക്‌സ്.കോമിലേക്ക് സ്വാഗതം ഞങ്ങളുടെ യുആര്‍എല്‍ മാറ്റുകയാണെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും ഡാറ്റാ പ്രൊട്ടക്ഷന്‍ സെറ്റിങ്ങ്‌സും അതേപടി തുടരുന്നതാണ്, എന്നാണ് നോട്ടിഫിക്കേഷനില്‍ വരുന്ന മെസ്സേജ്.
ഇനി മുതല്‍ എക്‌സ്.കോം എന്ന യുആര്‍എല്ലിലായിരിക്കും എക്‌സ് പ്ലാറ്റ്‌ഫോം ലഭ്യമാവുക. നേരത്തെ എക്‌സ്.കോം എന്ന് നല്‍കിയാലും അത് ട്വിറ്റര്‍.കോം എന്നതിലേക്ക് റീഡയറക്ട് ചെയ്ത് പോവാറുണ്ടായിരുന്നു. എക്സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. ദൈര്‍ഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനാവും വീഡിയോ അല്ലെങ്കില്‍ ഓഡിയോ കോളുകള്‍ ചെയ്യാനാവും. വോയിസ് ചാറ്റ് ചെയ്യാന്‍ സാധിക്കും. താമസിയാതെ തന്നെ ഷോപ്പിങ് സൗകര്യവും പണമിടപാട് നടത്താനുള്ള ഓപ്ഷനും ആപ്പില്‍ അവതരിപ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.
2023 ഓഗസ്റ്റിലാണ് ട്വിറ്ററിനെ എക്സ് എന്ന് വിളിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ശേഷം മാര്‍ക്കറ്റിംഗ് കോപ്പിയില്‍ കമ്പനി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എല്ലാവര്‍ക്കും വേണ്ടിയുള്ള വിശ്വസനീയമായ ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് എക്സ് ആപ്പ്. ആപ്പിന് ഒരു പുതിയ മുദ്രാവാക്യവും ഉണ്ട്. Blaze your glory (നിങ്ങളുടെ മഹത്വം ജ്വലിപ്പിക്കുക). ഈ കുറിപ്പ് നിരവധി മാറ്റങ്ങളുടെ മുന്നോടി ആയിരുന്നു. Let’s talk (സംസാരിക്കാം), It’s what’s happening (ഇതാണ് സംഭവിക്കുന്നത്) എന്നിവ ആയിരുന്നു ട്വിറ്ററിന്റെ ആദ്യ ടാഗ് ലൈന്‍.
X നോട് പ്രിയമുള്ള മസ്‌ക്
ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ 1999 ല്‍ തുടക്കമിട്ട ഒരു ഓണ്‍ലൈന്‍ ബാങ്കിങ് വെബ്സൈറ്റാണ് എക്സ്.കോം. ഈ പ്ലാറ്റ്ഫോം ആണ് പിന്നീട് പേപാല്‍ എന്ന പേരിലേക്ക് മാറ്റി. പിന്നിട് 2002 ല്‍ പേപാലിനെ ഇ ബേ ഏറ്റെടുക്കുകയായിരുന്നു. കമ്പനിയുടെ അന്നത്തെ മേധാവിയും ഏറ്റവും വലിയ നിക്ഷേപകനുമായിരുന്ന മസ്‌കിന് മാത്രം 17.58 കോടി ഡോളറാണ് ഈ വില്‍പനയുടെ ഭാഗമായി ലഭിച്ചത്. 2017ല്‍ പേപാലില്‍ നിന്നും x.com എന്ന ഡൊമൈന്‍ ഇലോണ്‍ മസ്‌ക് തിരിച്ചുവാങ്ങിച്ചു. അന്ന് മസ്‌കിന് പ്രത്യേകിച്ച് പദ്ധതിയൊന്നും എക്സ്.കോമുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല. ആ ഡൊമൈനിന് താന്‍ ഒരു വൈകാരിക മൂല്യം നല്‍കുന്നതുകൊണ്ടാണ് തിരികെവാങ്ങിയത് എന്നാണ് അന്ന് മസ്‌ക് പറഞ്ഞിരുന്നത്.
ആ വര്‍ഷം തന്നെ ഈ ഡൊമൈനില്‍ ഒരു വെബ് പേജ് ആരംഭിച്ചെങ്കിലും ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു വെബ് പേജ് ആയിരുന്നു അത്. എന്നാല്‍ പിന്നീട് ഈ യുആര്‍എല്‍ മസ്‌കിന്റെ തന്നെ ദി ബോറിങ് കമ്പനിയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. 2022ല്‍ ട്വിറ്ററിനെ ഏറ്റെടുത്ത X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു എവരിതിങ് ആപ്പ് ഒരുക്കാനുള്ള തന്റെ പദ്ധതിയെ കുറിച്ച് മസ്‌ക് ലോകത്തോട് പറഞ്ഞു.
ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം എന്നതിന് പുറമെ സാമ്പത്തിക കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമായാണ് മസ്‌ക് പദ്ധതിയിട്ടത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പകുതിയും എക്സ്.കോമിലായിരിക്കും എന്നും മസ്‌ക് പറയുന്നു.
ചൈനയിലെ വി ചാറ്റിനെ പോലെ എല്ലാം സാധ്യമാവുന്ന ഒരു സൂപ്പര്‍ ആപ്പ് ആയിരിക്കും മസ്‌കിന്റെ എക്‌സ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എങ്ങനെയാണ് മസ്‌ക് എക്സിനെ ഈ രീതിയില്‍ ആവഷ്‌കരിക്കുക. ഏത് രീതിയിലാണ് പുതിയ വെബ്സൈറ്റിന്റെ രൂപകല്‍പന എന്ന് വ്യക്തമല്ല.