Gaganyaan: ഗഗന്‍യാന്‍ ഒരുങ്ങുന്നു, 90 ശതമാനം ജോലികളും പൂര്‍ത്തിയായി; കാത്തിരുന്ന പ്രഖ്യാപനം
Gaganyaan uncrewed test flight mission: ഗഗൻയാൻ അൺക്രൂഡ് ടെസ്റ്റ് ഫ്ലൈറ്റ് മിഷൻ ജി1 ഡിസംബര്‍ ആദ്യ വാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണൻ. പദ്ധതിയുടെ 90 ശതമാനം ജോലികളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു

വി നാരായണൻ
ഗഗന്‍യാന്‍ മിഷന്റെ (ഗഗൻയാൻ അൺക്രൂഡ് ടെസ്റ്റ് ഫ്ലൈറ്റ് മിഷൻ ജി1) 90 ശതമാനം ജോലികളും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണൻ. ഡിസംബര്‍ ആദ്യ വാരം വിക്ഷേപണം നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്കേപ്പ് സിസ്റ്റം, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, പാരച്യൂട്ട് മൊഡ്യൂൾ, മറ്റ് സബ്സിസ്റ്റങ്ങൾ എന്നിവയുള്ള ക്രൂ മൊഡ്യൂളിന്റെ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നും വി. നാരായണൻ വെളിപ്പെടുത്തി.
ഡിസംബറില്‍ ഭൂമിയുടെ ലോവര്‍ ഓര്‍ബിറ്റിലേക്ക് അൺക്രൂഡ് (മനുഷ്യരില്ലാത്ത) ഗഗന്‍യാന്‍ മിഷനില്‍ വ്യോമമിത്ര എന്ന ഹ്യുമനോയിഡ് റോബോട്ടാണ് സഞ്ചരിക്കുന്നത്. ഗഗൻയാന്റെ ക്രൂഡ് (മനുഷ്യരുള്ള) 2027ല്‍ നടത്താനാണ് ലക്ഷ്യം. മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികർ മിഷന്റെ ഭാഗമാകും. ബഹിരാകാശയാത്രികരുടെ സുരക്ഷ നിർണായകമാണ്. അതിനാൽ ഓരോ പരീക്ഷണവും വിപുലമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാസയുടെയും ഐഎസ്ആര്‍ഒയുടെയും സംയുക്ത ദൗത്യമായ ‘നിസാറി’നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചെയര്‍മാന്‍ പങ്കുവച്ചു. 15 ദിവസങ്ങള്‍ക്കുള്ളില്‍ പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Also Read: DRDO: ഡിആര്‍ഡിഒ പൊളിയല്ലേ; സെമി കണ്ടക്ടര്‍ ടെക്‌നോളജിയില്‍ കൈവരിച്ചത് വന്‍ പുരോഗതി
ഐഎസ്ആര്‍ഒയുടെ സ്വപ്‌ന ദൗത്യമായ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ മിഷന്റെ ആദ്യ ബേസ് മൊഡ്യൂള്‍ 2028-ഓടെ വിക്ഷേപിക്കും. 2035-ഓടെ ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമമെന്നും ഡോ. വി. നാരായണൻ അറിയിച്ചു. നാവിക് നാവിഗേഷൻ ഉപഗ്രഹം 2027 ഓടെ തയ്യാറാകും. മാർസ് ലാൻഡർ ദൗത്യത്തിന്റെ കോൺഫിഗറേഷൻ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.
നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന്റെ ഭാഗമായുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.