Deep Fake : ഡീപ്പ് ഫേക്കുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള നീക്കവുമായി ഗൂഗിൾ; എത്തുന്നത് നിർണായക അപ്ഡേറ്റ്
Google Set To Introduce Ai Image Credits : ഗൂഗിൾ ഫോട്ടോസ് ആപ്പിൽ എഐ ജെനറേറ്റഡ് ഇമേജുകൾക്കുള്ള ലേബൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. എഐ ടൂളുകൾ വഴി ക്രിയേറ്റ് ചെയ്ത ഇമേജുകൾക്ക് ലേബൽ വെക്കാനാണ് ഗൂഗിളിൻ്റെ തീരുമാനം.

ഡീപ്പ് ഫേക്കുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള നീക്കവുമായി ഗൂഗിൾ. എഐ ജെനറേറ്റഡ് ഇമേജുകൾക്ക് എഐ മീഡിയ എന്ന് ക്രെഡിറ്റ് നൽകാനാണ് ഗൂഗിളിൻ്റെ നീക്കം. എഐ വഴി ക്രിയേറ്റ് ചെയ്ത ഇമേജുകൾക്ക് ഇത്തരത്തിൽ ലേബൽ നൽകുന്നത് വഴി ഉപഭോക്താക്കളെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാനാവുമെന്ന് ഗൂഗിൾ കരുതുന്നു. ഗൂഗിൾ ഫോട്ടോസിലാണ് ഇത്തരത്തിലൊരു സൗകര്യമെത്തുക. ഇതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഡി റിസോഴ്സ് ടാഗ് ആണ് ഗൂഗിൾ ഫോട്ടോസിൽ ലഭിക്കുക. എഐ ഇമേജിനെപ്പറ്റിയുള്ള ലേബലും ഡിജിറ്റൽ സോഴ്സ് ടൈപ്പ് ഏതാണെന്ന വിവരവുമൊക്കെ പുതിയ അപ്ഡേറ്റിൽ അറിയാൻ കഴിയും. ഡീപ്പ് ഫേക്കുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ അത് തടയുക എന്നതാണ് അപ്ഡേറ്റിൻ്റെ ലക്ഷ്യം. പുതിയ അപ്ഡേറ്റ് എന്ന് മുതൽ ലഭിച്ചുതുടങ്ങുമെന്നത് വ്യക്തമല്ല.
Also Read : Cherenkov Telescope: അമ്പമ്പോ…! ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ; ഉയരത്തിലും റെക്കോർഡ്
ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് സാധാരണക്കാർക്കടക്കം വിരൽത്തുമ്പത്ത് ലഭിച്ചുതുടങ്ങിയതോടെ ഇതുപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിരുന്നു. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും വിഡിയോകളും ഓഡിയോകളുമൊക്കെ ഇത്തരത്തിൽ തട്ടിപ്പിനുപയോഗിക്കാറുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമൊക്കെ ഇത്തരം ഇമേജുകൾ തട്ടിപ്പുകാർ ഉപയോഗിക്കാറുമുണ്ട്. അടുത്തിടെ തൻ്റെ പേരിൽ ഡീപ്പ് ഫേക്ക് പരസ്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു കമ്പനിക്കെതിരെ സൂപ്പർ താരം അമിതാഭ് ബച്ചൻ പരാതിനൽകിയിരുന്നു.
ഗൂഗിൾ ഫോട്ടോസ് ആപ്പിലെ പുതിയ ഫീച്ചർ അനുസരിച്ച് ഒരു ഇമേജ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി നിർമിച്ചതാണോ എന്നറിയാൻ വളരെ എളുപ്പം സാധിക്കും. ഗൂഗിൾ ഫോട്ടോസ് വേർഷൻ 7.3യിലാണ് ഈ ഫീച്ചർ വന്നുതുടങ്ങുക. ഇത് എപ്പോഴാണ് കൃത്യമായി ഉപഭോക്താക്കളിലേക്കെത്തുക എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് ഈ ഫീച്ചർ ആപ്പിൽ അവതരിപ്പിക്കുക എന്നതിലും വ്യക്തതയില്ല. എഐ ഇൻഫോ ഇമേജിനുള്ളിൽ, വിശദാംശങ്ങൾക്കൊപ്പമാവും ഉണ്ടാവുക എന്നതാണ് നിലവിലെ റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഇമേജുകൾ കാണുമ്പോൾ തന്നെ ഈ വിവരമറിയാൻ ഉപഭോക്താവിന് സാധിക്കില്ല. ഇമേജിൻ്റെ മെറ്റഡേറ്റയിലേ ഈ വിവരം ലഭ്യമാവൂ. ശേഷം വരുന്ന അപ്ഡേറ്റുകളിൽ ഇമേജ് കാണുമ്പോൾ തന്നെ ഈ വിവരം അറിയാൻ കഴിയുന്ന തരത്തിൽ അപ്ഡേറ്റ് അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം മെറ്റ ചെയ്യുന്നത് പോലെ ഇമേജുകളിൽ തന്നെ എഐ ജനറേറ്റഡ് ഇമേജ് എന്ന ലേബൽ പതിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.