Redmi Note 15 5G: ക്യാമറ കണ്ണ് തള്ളിക്കും, റെഡ്മിയുടെ കിടിലൻ ഫോൺ എത്തുന്നു
ടെലികോം ടോക്സ് റിപ്പോർട്ട് പ്രകാരം ഈ ഫോൺ 2026 ജനുവരി 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന്റെ പ്രാരംഭ വില ഏകദേശം എത്ര രൂപയാകും എന്നും റിപ്പോർട്ടുകളുണ്ട്

Redmi Note 15 5g
ന്യൂഡൽഹി: പുത്തൻ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കായി ഇതാ ഒരു സന്തോഷ വാർത്ത. റെഡ്മി ഇതാ ഒരു പുത്തൻ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റെഡ്മി നോട്ട് 15-5G യാണ് ആ കിടിലൻ സ്മാർട്ട് ഫോൺ. സ്റ്റാൻഡേർഡ് മോഡലിന് പുറമേ, ഈ സീരിസിലെ റെഡ്മി നോട്ട് 15 പ്രോ, റെഡ്മി നോട്ട് 15 പ്രോ പ്ലസ് തുടങ്ങിയ ഫോണുകളും റെഡ്മി അവതരിപ്പിക്കുമെന്നാണ് സൂചന. 108 എംപി ക്യാമറയുള്ള ഫോൺ ഫോട്ടോഗ്രഫി പ്രേമികൾക്ക് പ്രിയപ്പെട്ട ഫോണാകാം.
ടെലികോം ടോക്സ് റിപ്പോർട്ട് പ്രകാരം ഈ ഫോൺ 2026 ജനുവരി 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന്റെ പ്രാരംഭ വില ഏകദേശം 20,000 മുതൽ 25,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷ. ഈ ഫോൺ ചൈനയിൽ ഇതിനകം ലോഞ്ച് ചെയ്തതിനാൽ, ഇന്ത്യൻ വേരിയൻ്റിൻ്റെ ഹാർഡ്‌വെയറിൽ ചില മാറ്റങ്ങൾ കണ്ടേക്കാം.
120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.77 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ ഈ റെഡ്മി ഫോണിൽ പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 15 ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറിൻ്റെ കരുത്തിലായിരിക്കും ഫോണിൻ്റെ പ്രവർത്തനം. കമ്പനി പുറത്തിറക്കിയ ടീസർ അനുസരിച്ച്, ഇന്ത്യൻ മോഡലിന് 108MP പ്രധാന ക്യാമറയായിരിക്കും ഉണ്ടാകുക. ചൈനീസ് വേരിയൻ്റിൽ 50MP ക്യാമറയായിരുന്നു ഉണ്ടായിരുന്നത്.
ബാറ്ററി
ഇന്ത്യയിൽ പുറത്തിറക്കിയ ഫോണിൽ 5,520mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2-ൽ പ്രവർത്തിക്കും. കമ്പനിയുടെ മുൻ മോഡലായ റെഡ്മി നോട്ട് 14 മായി ചില സാമ്യങ്ങൾ ഇതിനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 14 ൽ 108MP + 2MP ഡ്യുവൽ ക്യാമറ സജ്ജീകരണവും 20MP സെൽഫി ക്യാമറയും ഉണ്ടായിരുന്നു.
15C ഇന്ത്യയിൽ
ഡിസംബർ 3 ന് റെഡ്മി 15C ബജറ്റ് സ്മാർട്ട്‌ഫോൺ റെഡ്മി അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസർ, 8GB വരെ LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, 6.9 ഇഞ്ച് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേ, 50MP പ്രധാന ക്യാമറ എന്നിവയാണ് ഫോണിൻ്റെ ഫീച്ചറുകൾ.