Isro satellites : അതിര്‍ത്തിയില്‍ സൈന്യമെങ്കില്‍ ആകാശത്ത് ഉപഗ്രഹങ്ങള്‍, അതും 10 എണ്ണം; ഇന്ത്യയുടെ ‘ഡബിള്‍ സുരക്ഷ’യെക്കുറിച്ച് ഐഎസ്ആര്‍ഒ
ISRO Chairman on satellites: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ 52 ഉപഗ്രഹങ്ങളുടെ ഒരു ഗ്രൂപ്പ് ഭ്രമണപഥത്തിൽ വിന്യസിക്കുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കുമാർ ഗോയങ്ക പറഞ്ഞിരുന്നു
ന്യൂഡൽഹി: പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 10 ഉപഗ്രഹങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. അഗർത്തലയിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ (സിഎയു) ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഉപഗ്രഹങ്ങൾ വഴി സേവനം ചെയ്യണമെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. രാജ്യത്തെ 7,000 കി.മീ കടല്‍ത്തീരപ്രദേശങ്ങള്‍ നിരീക്ഷിക്കണം. ഡ്രോണുകളും ഉപഗ്രഹങ്ങളും ഇല്ലാതെ പലതും നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ 127 ഇന്ത്യൻ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും, അക്കാദമിക് സ്ഥാപനങ്ങളുടെയും ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു. ഇതിൽ 22 എണ്ണം ലോ എർത്ത് ഓർബിറ്റിലും 29 എണ്ണം ജിയോ-സിൻക്രണസ് എർത്ത് ഓർബിറ്റിലുമാണുള്ളത്.
കാർട്ടോസാറ്റ്, റിസാറ്റ് സീരീസ്, എമിസാറ്റ്, മൈക്രോസാറ്റ് സീരീസ് എന്നിവ ഉള്‍പ്പെടെ ഒരു ഡസനോളം നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ 52 ഉപഗ്രഹങ്ങളുടെ ഒരു ഗ്രൂപ്പ് ഭ്രമണപഥത്തിൽ വിന്യസിക്കുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കുമാർ ഗോയങ്ക ഏതാനും ദിവസം മുമ്പ് ‘ഗ്ലോബൽ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ കോൺഫറൻസ് 2025’ൽ പറഞ്ഞിരുന്നു.




നമുക്ക് മികച്ച കഴിവുകളാണുള്ളതെന്നും, ഇത് നിരന്തരമായി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഐഎസ്ആര്‍ഒ ആണ് ഇത് പ്രധാനമായും ചെയ്തിരുന്നത്. മുന്നോട്ടു സഞ്ചരിക്കുമ്പോല്‍ സ്വകാര്യ മേഖലയെയും കൊണ്ടുവരുമെന്നും പവൻ കുമാർ ഗോയങ്ക പറഞ്ഞു.
ശത്രുക്കളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും അതിർത്തികൾ നിരീക്ഷിക്കാനും സൈനിക പ്രവർത്തനങ്ങളിൽ ഏകോപനം മെച്ചപ്പെടുത്താനും പുതിയ ഉപഗ്രഹങ്ങൾ സൈന്യത്തെ സഹായിക്കും. അതിർത്തികളിലെ നിരീക്ഷണ ശക്തി മെച്ചപ്പെടുത്താന്‍ സഹായകരമായ EOS-09 (RISAT-1B) റഡാർ ഇമേജിംഗ് സാറ്റലൈറ്റ് ഐഎസ്ആര്‍ഒ മെയ് 18 ന് ‘സണ്‍-സിന്‍ക്രണസ്’ ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെക്കുറിച്ചുള്ള ഐഎസ്ആര്‍ഒ മേധാവിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാരന്റെ പുരോഗതിക്കും നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്നതിന് മുമ്പ് ഇന്ത്യ എല്ലാ മേഖലകളിലെയും ‘മാസ്റ്ററാ’കും. ലോകത്തിന് മികച്ച സംഭാവനകള്‍ ഇന്ത്യ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.