TRAI: കാത്തിരുന്നേ മതിയാകൂ; ട്രെയ്‌സിബിലിറ്റി നയങ്ങള്‍ ഡിസംബറിലെന്ന് ട്രായ്
TRAI Revised Standards: സ്പാം, ഫിഷിങ് എന്നിവ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങള്‍ തടയുന്നതിനായാണ് ട്രായ് ട്രെയ്‌സബിലിറ്റി നയം നടപ്പിലാക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഇ കോമേഴ്‌സ് ഇടപാടുകളിലും മറ്റ് സേവനങ്ങളിലും ഒടിപി ലഭ്യമാകുന്നതില്‍ നവംബര്‍ ഒന്ന് മുതല്‍ താത്കാലിക തടസമുണ്ടാകുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നത്.

ട്രായ് ലോഗോ (Image Credits: TRAI Official Facebook Page)
ന്യൂഡല്‍ഹി: വാണിജ്യ സന്ദേശങ്ങളില്‍ വണ്‍ ടൈം പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള ട്രെയ്‌സബിലിറ്റി മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയതായി ട്രായ്. പുതിയ മാനദണ്ഡം ഡിസംബര്‍ ഒന്നോടെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി പറഞ്ഞു. നേരത്തെ നവംബര്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു ട്രായ് അറിയിച്ചിരുന്നത്.
സ്പാം, ഫിഷിങ് എന്നിവ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങള്‍ തടയുന്നതിനായാണ് ട്രായ് ട്രെയ്‌സബിലിറ്റി നയം നടപ്പിലാക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഇ കോമേഴ്‌സ് ഇടപാടുകളിലും മറ്റ് സേവനങ്ങളിലും ഒടിപി ലഭ്യമാകുന്നതില്‍ നവംബര്‍ ഒന്ന് മുതല്‍ താത്കാലിക തടസമുണ്ടാകുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നയം നടപ്പിലാക്കാന്‍ രണ്ട് മാസം കൂടി എടുക്കുകയായിരുന്നു. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ എന്നിങ്ങനെയുള്ള സേവനദാതാക്കളുടെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
Also Read: Digital Condom: ഇനി ധൈര്യമായി സ്വകാര്യ നിമിഷങ്ങൾ ആസ്വധിക്കാം…; ഡിജിറ്റൽ ‘കോണ്ട’വുമായി ജർമൻ കമ്പനി
ഇ കൊമേഴ്‌സ് കമ്പനികളിലും ബാങ്കുകളിലും ഉള്‍പ്പെടെ ട്രായ് നിര്‍ദേശം നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതി സൗകര്യങ്ങള്‍ സജ്ജമായിട്ടില്ലെന്നാണ് ടെലികോം കമ്പനികള്‍ പറഞ്ഞത്. പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ഓഗസ്റ്റ് അവസാനത്തോടെയാണ് ട്രായ് പുറത്തുവിട്ടത്.
കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തുവിട്ടതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ട്രായ് സ്വീകരിച്ചിരുന്നു. ലഭിച്ച നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും. ഇതിനായി ഇനിയും സമയം ആവശ്യമാണെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.
പുതിയ തീരുമാനപ്രകാരം ട്രെയ്‌സിബിലിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാത്ത സന്ദേശങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ ബ്ലോക്ക് ചെയ്യപ്പെടും. സന്ദേശങ്ങള്‍ അയക്കുന്ന കമ്പവനികള്‍ അവരുടെ യുആര്‍എല്‍, തിരികെ വിളിക്കാനുള്ള നമ്പറുകള്‍ എന്നിവ ടെലികോം സേവനദാതാക്കള്‍ക്ക് നേരത്തെ തന്നെ കൈമാറുന്ന രീതയാണ് ട്രായ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ കമ്പനിയും നടപ്പിലാക്കുന്ന ബ്ലോക്ക് ചെയിന്‍ ഡിസ്ട്രിബ്യൂഷന്‍ ലെഡ്ജര്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുക.
സേവനദാതാക്കള്‍ നല്‍കുന്ന വിവരങ്ങളും ഓരോ കമ്പനിയുടെയും കൈവശമുള്ള ലെഡ്ജറിലെ വിവരങ്ങളും ഒന്നാണെങ്കില്‍ മാത്രമേ ഉപഭോക്താവിന് ഇനി മുതല്‍ സന്ദേശം ലഭിക്കുകയുള്ളു. ഈ മാനദണ്ഡം അനുസരിച്ച് ഉപഭോക്താവിലേക്ക് എത്തുന്ന ഓരോ സന്ദേശവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കപ്പെടും.