Afghanistan Earthquake: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 20 പേർ കൊല്ലപ്പെട്ടു, 320ലധികം പേർക്ക് പരിക്ക്
Earthquake In Afghanistan: അഫ്ഗാനിസ്ഥാനിലുണ്ടായ വൻ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 320ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാൻ ഭൂചലനം
അഫ്ഗാനിസ്ഥാനെ ഉലച്ച് വൻ ഭൂചലനം. റിക്ചർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. മസരി ഷരീഫ് നഗരത്തിന് സമീപമുണ്ടായ ഭൂചലനത്തിൽ 20ലധികം പേർ കൊല്ലപ്പെട്ടു. 320ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പുലർച്ചെ ഒരു മണിയോടെയാണ് ഭൂകമ്പമുണ്ടായത്. മരണസംഘ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിൻ്റെ ഞെട്ടിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയെടുക്കുന്നതും മൃതദേഹങ്ങൾ പുറത്തെടുക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വൻ ഭൂചലനത്തിൽ മസരി ഷരീഫിലെ ബ്ലൂ മോസ്കിനും തകരാറുകൾ സംഭവിച്ചു. 15ആം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളിയാണ് ഇത്. പള്ളിയുടെ വിവിധ ഭാഗങ്ങൾ ഭൂകമ്പത്തിൽ തകർന്നു. മിനാറങ്ങളിൽ ഒന്ന് തകർന്ന് അതിൻ്റെ അവശിഷ്ടങ്ങൾ പള്ളിമുറ്റത്ത് ചിതറിക്കിടക്കുകയാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇടയ്ക്കിടെ ചൂലനങ്ങൾ നാശം വിതയ്ക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തിൽ 2200 പേർ മരിക്കുകയും 2800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 6.0 തീവ്രതയുള്ള ഭൂമികുലുക്കമായിരുന്നു ഇത്. ഓഗസ്റ്റ് 31നും ഇവിടെ ഭൂമികുലുക്കമുണ്ടായിരുന്നു. 2023 ലുണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ രാജ്യവ്യാപകമായി വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആയിരത്തിലധികം പേർ മരിക്കുകയും 2500ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.