UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?
UAE Lottery Tax: ലോട്ടറി സമ്മാനങ്ങള്‍ക്ക് 30 ശതമാനം നികുതി ഈടാക്കും. ഇതിന് പുറമെ 15 ശതമാനം സര്‍ചാര്‍ജും, 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നല്‍കണം. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഈ നികുതികള്‍ ബാധകമാണ്.
ഈ വര്‍ഷത്തെ യുഎഇ ലോട്ടറി നേടിയത് ഇന്ത്യക്കാരനാണ്. 100 മില്യണ്‍ ദിര്‍ഹം അതായത് 240 കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അബുദബിയില്‍ താമസിക്കുന്ന 29കാരനായ അനില്‍കുമാര്‍ ബൊള്ള ആണ് ഈ വര്‍ഷത്തെ ഭാഗ്യവാന്‍. ഇത്രയേറെ തുക അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുമ്പോള്‍ നികുതിയായി എത്ര രൂപ നല്‍കണമെന്ന സംശയം ഇങ്ങ് ഇന്ത്യയിലും ഉദിക്കുന്നു.
യുഎഇയില്‍ നിന്ന് നേടിയിരിക്കുന്ന 240 കോടിയ്ക്ക് അനില്‍കുമാര്‍ നികുതി നല്‍കേണ്ടി വരില്ല. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സമ്മാനത്തുക മുഴുവനായി എത്തും. എന്നാല്‍ ഇന്ത്യയില്‍ ലോട്ടറി സമ്മാനങ്ങള്‍ക്ക് 30 ശതമാനം നികുതി ഈടാക്കും. ഇതിന് പുറമെ 15 ശതമാനം സര്‍ചാര്‍ജും, 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നല്‍കണം. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഈ നികുതികള്‍ ബാധകമാണ്.
എന്‍ആര്‍ഐ നിയമം
എന്‍ആര്‍ഐകളായാലും ഇന്ത്യയില്‍ താമസിക്കുന്നതായി കണക്കാക്കുന്നതിന് ചില വ്യവസ്ഥകളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.




മുന്‍ വര്‍ഷം കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ മുന്‍ വര്‍ഷം 60 ദിവസമോ അതില്‍ കൂടുതലോ, തൊട്ടുമുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ആകെ 365 ദിവസവും ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ നിയമം ബാധകമാണ്.
മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത ഇന്ത്യന്‍ പൗരന്മാരായ ലോട്ടറി വിജയികള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ല. അനില്‍കുമാര്‍ ബൊള്ള ദീര്‍ഘകാലമായി അബുദബിയില്‍ താമസിക്കുന്നയാളാണ്. ഒന്നര വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവ അറിയാം
- യുഎഇയില്‍ നികുതിയില്ല.
- ഇന്ത്യയ്ക്ക് പുറത്ത് ചെലവഴിക്കുന്ന സമയത്തെ ആശ്രയിച്ച്, നിങ്ങള്‍ക്ക് NRI സ്റ്റാറ്റസ് ഉണ്ടെങ്കില്‍ ഇന്ത്യന്‍ നികുതി നല്‍കേണ്ടതില്ല.
- ഇന്ത്യന്‍ റസിഡന്റ് ആയി കണക്കാക്കിയാല്‍, ലോട്ടറി വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ പോലും നികുതി ബാധകമാകും.