Oman Work License Rules: ഒമാന്‍ തൊഴില്‍ ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം; ഫീസില്‍ ഉള്‍പ്പെടെ വമ്പന്‍ ഇളവ്
Oman Work Permit: ചെറിയ ഫീസ് മാത്രം നല്‍കി താഴ്ന്ന വിഭാഗത്തില്‍ നിന്ന് തൊഴിലാളികളെ ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റാന്‍ ഇനി തൊഴിലുടമകള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. പുതിയ തൊഴില്‍ ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കേണ്ടി വരില്ല.
ഒമാന്‍: ഒമാന്റെ വര്‍ക്ക് ലൈസന്‍സിങ്, പ്രാക്ടീസ് പെര്‍മിറ്റ് സിസ്റ്റത്തില്‍ അഴിച്ചുപണി നടപ്പാക്കാനൊരുങ്ങുകയാണ് ഭരണകൂടം. ഫീസ് ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുന്നതും സുപ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ സംവിധാനം ആധുനികവത്കരിക്കുക, ഭരണപരമായ പ്രക്രിയകള്‍ താമസ നിയമവുമായി യോജിപ്പിക്കുക, ബിസിനസ് കാര്യക്ഷമതയും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.
വിദേശികളായ തൊഴിലാളികള്‍ക്കായി റിക്രൂട്ട്‌മെന്റ്, വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സുകളുടെ സാധുത 15 മാസത്തില്‍ നിന്ന് 24 മാസമാക്കി നീട്ടി. തൊഴിലാളി താമസ അനുമതിയുമായി ലൈസന്‍സ് കാലാവധി ബന്ധിപ്പിക്കുക, പേപ്പര്‍ വര്‍ക്കുകളുടെയും അനുബന്ധ പ്രക്രിയകളുടെയും ചെലവ് കുറയ്ക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങളും പുതിയ ചട്ടക്കൂടിന് കീഴില്‍ വരുന്നു.
ചെറിയ ഫീസ് മാത്രം നല്‍കി താഴ്ന്ന വിഭാഗത്തില്‍ നിന്ന് തൊഴിലാളികളെ ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റാന്‍ ഇനി തൊഴിലുടമകള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. പുതിയ തൊഴില്‍ ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കേണ്ടി വരില്ല. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റമില്ല. നിലവിലെ ഫീസുകളും നടപടിക്രമങ്ങളും നിലനിര്‍ത്തുന്നത് തൊഴിലുടമകളെയും ഗാര്‍ഹിക തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.




തൊഴിലാളി മരിച്ചാല്‍, വിസ പരിഷ്‌കരണം, തൊഴിലുടമയുടെ മരണം, വിട്ടുമാറാത്ത രോഗം മെഡിക്കല്‍ പരിശോധനയ്ക്കിടെ കണ്ടെത്തല്‍, പാസ്‌പോര്‍ട്ട് കണ്ടുകെട്ടല്‍, കമ്പനി ലിക്വിഡേഷന്‍, തടവുശിക്ഷ തുടങ്ങിയ സാഹചര്യങ്ങളില്‍ ലൈസന്‍സിന് ഫീസോ പിഴയോ ഈടാക്കുന്നതല്ല.
Also Read: Dubai Miracle Garden: പിറന്നാളുകാര്‍ക്ക് ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം; എങ്ങനെ നേടാം
ഒമാന്‍ സ്വദേശികളല്ലാത്ത തൊഴിലാളികള്‍ക്കുള്ള റിക്രൂട്ട്മെന്റ് ഫീസ് 141 റിയാലില്‍ നിന്ന് 101 റിയാലായി കുറച്ചു. ഒമാനിവത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസില്‍ 30% ഇളവ് നല്‍കാനും തീരുമാനമായി. ഒമാനിവത്ക്കരണ ആവശ്യകതകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീസിന്റെ ഇരട്ടി നല്‍കേണ്ടിവരും. ഒമാനി പൗരന്മാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ തൊഴില്‍ ലക്ഷ്യങ്ങള്‍ പിന്തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നടപടി.