Sheikh Hasina: ഹസീനയെ ധാക്കയിലെത്തിക്കാന്‍ പുതിയ നീക്കവുമായി ബംഗ്ലാദേശ്; ഇന്റര്‍പോളിന്റെ സഹായം തേടും
Sheikh Hasina Extradition: ഷെയ്ഖ് ഹസീനയെയും, അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയില്‍ നിന്ന് ധാക്കയിലെത്തിക്കാന്‍ ബംഗ്ലാദേശ് ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു

ഷെയ്ഖ് ഹസീന
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയില്‍ നിന്ന് ധാക്കയിലെത്തിക്കാന്‍ ബംഗ്ലാദേശ് ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ വകവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവര്‍ക്കുമെതിരെ വധശിക്ഷ വിധിച്ചിരുന്നു. ഇരുവരെയും ബംഗ്ലാദേശിന് കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ബംഗ്ലാദേശിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നത്.
ഹസീനയ്‌ക്കെതിരെ പ്രോസിക്യൂഷന് നേതൃത്വം നൽകിയ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടർ ഓഫീസ് ഹസീനയെയും കമാലിനെയും ആവശ്യപ്പെട്ട് ഒരു കത്ത് തയ്യാറാക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഈ കത്ത് വരും ദിവസങ്ങളില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീനയ്ക്കും അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചത്. കലാപത്തിനിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഹസീന 2024 ഓഗസ്ത് അഞ്ചിന് ബംഗ്ലാദേശില്‍ നിന്ന് പാലായനം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യയിലാണ് താമസിക്കുന്നത്.
ഹസീനയെ ധാക്കയ്ക്ക് കൈമാറേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം നിലപാടെടുത്തിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമാണെന്നാണ് ബംഗ്ലാദേശിന്റെ വിമര്‍ശനം.
ഷെയ്ഖ് ഹസീനയെ സംബന്ധിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി ശ്രദ്ധിച്ചതായും ബംഗ്ലാദേശ് ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഹസീനയുടെ ശിക്ഷയെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍ ഹസീനയെ കൈമാറുമോയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇത്തരം കൈമാറ്റങ്ങള്‍ ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ട്രൈബ്യൂണൽ രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. ശിക്ഷാവിധി രാഷ്ട്രീയപ്രേരിതമാണെന്ന് തോന്നിയാല്‍ ഹസീനയെ കൈമാറാന്‍ സാധ്യതയില്ല.