Benjamin Netanyahu: നെഞ്ചത്ത് ക്യൂആര്‍ കോഡും വെച്ച് നെതന്യാഹു വേദിയിലെത്തി; പ്രസംഗം ബഹിഷ്‌കരിച്ചിറങ്ങിപ്പോയി യുഎന്‍ പ്രതിനിധികള്‍
Netanyahu UN Assembly Speech: പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന തീരുമാനം അപമാനകരം. ജൂതന്മാര്‍ക്കും നിരപരാധികളായ ആളുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും നെതന്യാഹു വിമര്‍ശിച്ചു.
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിനിധികള്‍. നെതന്യാഹു പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ നിരവധിയാളുകള്‍ പുറത്തേക്കിറങ്ങി. ശേഷം ഒഴിഞ്ഞ കസേരകളെ നോക്കി ഗാസയില്‍ വിനാശകരമായ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുത്തു. പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും സമ്മിശ്ര പ്രതികരണമാണ് വേദിയില്‍ നെതന്യാഹുവിന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഹമാസിനെതിരായ ജോലി ഇസ്രായേല്‍ പൂര്‍ത്തിയാക്കും. ഇസ്രായേലി ബന്ദികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഗാസയില്‍ ഉച്ചഭാഷിണിയിലൂടെ തന്റെ പ്രസംഗം കേള്‍പ്പിക്കുന്നുണ്ട്. ഇസ്രായേലി ഇന്റലിജന്‍സ് ഗാസയിലെ ആളുകളുടെ ഫോണുകള്‍ ഹാക്ക് ചെയ്യുകയും അതുവഴി പ്രസംഗം സ്ട്രീം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.




ഞങ്ങള്‍ നിങ്ങളെയൊരിക്കലും മറന്നിട്ടില്ല, ഒരു നിമിഷം പോലും മറന്നിട്ടില്ല. ഇസ്രായേല്‍ ജനത എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് നെതന്യാഹു ബന്ദികളോടായി പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍ താഴെ വെക്കുക. എന്റെ ജനങ്ങളെ വിട്ടയക്കുക, എന്ന് ഹമാസിനുള്ള മുന്നറിയിപ്പായി അദ്ദേഹം പറഞ്ഞു. അതിന് തയാറാകുകയാണെങ്കില്‍ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കും. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഒരിക്കലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ
❗Netanyahu visibly SHAKEN as majority of UN delegates STORM out of General Assembly hall — ‘Please ORDER in the hall’ https://t.co/JGrjGIN8bR pic.twitter.com/7c4IVf8Lnx
— RT (@RT_com) September 26, 2025
പാശ്ചാത്യ നേതാക്കള്‍ ചിലപ്പോള്‍ സമ്മര്‍ദത്തിന് വഴങ്ങിയിട്ടുണ്ടാകും. എന്നാല്‍ ഇസ്രായേല്‍ ഒരിക്കലും വഴങ്ങില്ല. പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന തീരുമാനം അപമാനകരം. ജൂതന്മാര്‍ക്കും നിരപരാധികളായ ആളുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും നെതന്യാഹു വിമര്‍ശിച്ചു.
അതേസമയം, 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണം മുതല്‍ ഹമാസിന് ബന്ദികളാക്കിയവരെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചുമുള്ള ഇസ്രായേലിന്റെ നിലപാടും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന വെബ്‌സൈറ്റിന്റെ ക്യൂആര്‍ കോഡ് വസ്ത്രത്തില്‍ ഘടിപ്പിച്ചാണ് നെതന്യാഹു വേദിയിലെത്തിയത്.
ഇതിന് പുറമെ ശാപം എന്ന തലക്കെട്ടിലുള്ള ഭൂപടവും നെതന്യാഹു പ്രസംഗിക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടി. ഇറാന്‍, ഇറാഖ്, സിറിയ, ലെബനന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേല്‍ നേരിടുന്ന വെല്ലുവിളികള്‍ ചിത്രത്തില്‍ വരച്ചുകാട്ടി.