Mexico Supermarket Blast: മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികൾ ഉൾപ്പെടെ 23 മരണം
Blast At Mexico Supermarket: ട്രാൻസ്ഫോർമറിൻ്റെ തകരാറു മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പോലീസിൻ്റെ നിഗമനം. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറൻസിക് മെഡിക്കൽ സർവീസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സലാസ് വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Mexico Supermarket Blast
സൊനോറ: മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ വൻ സ്ഫോടനം. ഇതേ തുടർന്നുണ്ടായ തീപിടിത്തത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ സൂപ്പർ മാർക്കറ്റിലുണ്ടായിരുന്ന 12ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിലാണ് സംഭവം.
ട്രാൻസ്ഫോർമറിൻ്റെ തകരാറു മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പോലീസിൻ്റെ നിഗമനം. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറൻസിക് മെഡിക്കൽ സർവീസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സലാസ് വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കരീബിയൻ കടലിൽ യുഎസ് ആക്രമണം; ലക്ഷ്യം ലഹരിക്കടത്തുകാർ, മരണം മൂന്ന്
മെക്സിക്കോയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട് ആഘോഷം നടക്കവേയാണ് ദുരന്തം സംഭവിക്കുന്നത്. ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ ഗവർണർ അൽഫോൻസോ ഡുറാസോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൂപ്പർമാർക്കറ്റിലെ സ്റ്റോർ റൂമിലുണ്ടായിരുന്ന ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ സൂപ്പർമാർക്കറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തകർന്നു.
സ്ഫോടനം നടന്ന പ്രദേശത്തേക്ക് പോകരുതെന്നും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്ഫോടനത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റിൻ്റെ മുൻഭാഗം പൂർണമായും കത്തിയ നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#BREAKING: At least 23 killed, 11 injured in explosion and fire at Waldo’s store in downtown Hermosillo, Mexico pic.twitter.com/i9YCBQJCFh
— Rapid Report (@RapidReport2025) November 2, 2025