AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Booker Prize 2025: മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്

David Szalay wins Booker Prize 2025: ആൻഡ്രൂ മില്ലർ, കിരൺ ദേശായി എന്നിവരുൾപ്പെടെ അഞ്ച് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡേവിഡ് സൊല്ലോ പുരസ്കാരം നേടിയത്. 20-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ്.

Booker Prize 2025: മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്
David SzalayImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Nov 2025 | 07:31 AM

ലണ്ടൻ: 2025ലെ മാൻ ബുക്കർ പുരസ്കാരം കനേഡിയൻ-ഹംഗേറിയൻ-ബ്രിട്ടീഷ് എഴുത്തുകാരനായ എഴുത്തുകാരൻ ഡേവിഡ് സൊല്ലോ സ്വന്തമാക്കി. ‘ഫ്‌ലെഷ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.‌ 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.

ആൻഡ്രൂ മില്ലർ, കിരൺ ദേശായി എന്നിവരുൾപ്പെടെ അഞ്ച് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് 51 കാരനായ ഡേവിഡ് സൊല്ലോ പുരസ്കാരം നേടിയത്. ഐറിഷ് എഴുത്തുകാരിയായ റോഡി ഡോയൽ, ‘സെക്സ് ആൻഡ് ദി സിറ്റി’ താരം സാറാ ജെസീക്ക പാർക്കർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനൽ, 153 നോവലുകളിൽ നിന്നാണ് ‘ഫ്‌ലെഷ്’ തിരഞ്ഞെടുത്തത്.

‘ഫ്‌ലെഷ്’ ഡേവിഡ് സൊല്ലോയുടെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ്. തന്റെ നിയന്ത്രണത്തിനപ്പുറമുള്ള സംഭവങ്ങളാല്‍ ജീവിതം താറുമാറാകുന്ന ഒരു മനുഷ്യന്റെ കൗമാരം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതമാണ് നോവല്‍ പറയുന്നത്. ‘ഫ്‌ലെഷ്’ ജീവിതത്തെയും ജീവിതത്തിന്റെ അപരിചിതത്വത്തെയും കുറിച്ചുള്ള പുസ്തകമാണെന്നായിരുന്നു റോഡി ഡോയൽ അഭിപ്രായപ്പെട്ടത്.

കാനഡയിൽ ജനിച്ച സൊല്ലോ, 20-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്’ 2008-ല്‍ ബെറ്റി ട്രാസ്‌ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

‘ഓള്‍ ദാറ്റ് മാന്‍ ഈസ്’ എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു. 2010-ല്‍, 40 വയസ്സിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ ടെലിഗ്രാഫ് പട്ടികയിലും ഡേവിഡ് സൊല്ലോ ഇടംപിടിച്ചിരുന്നു.