AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cyclone Ditwah: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം, മരണസംഖ്യ 390; ഒപ്പമുണ്ടെന്ന് മോദി

Cyclone toll in Sri Lanka: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം. 390-ഓളം പേരാണ് മരിച്ചത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യ ഇതിനകം സഹായങ്ങള്‍ നല്‍കിയിരുന്നു

Cyclone Ditwah: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം, മരണസംഖ്യ 390; ഒപ്പമുണ്ടെന്ന് മോദി
Sri LankaImage Credit source: PTI
jayadevan-am
Jayadevan AM | Published: 02 Dec 2025 08:21 AM

കൊളംബോ: ഡിറ്റ്‌വ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം. 390-ഓളം പേരാണ് മരിച്ചത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യ ഇതിനകം സഹായങ്ങള്‍ നല്‍കിയിരുന്നു. എന്‍ഡിആര്‍എഫിനെ വിന്യസിക്കുകയും ചെയ്തു. ദ്വീപിന്റെ പല ഭാഗങ്ങളിലും കനത്ത മഴ മാറിയെങ്കിലും മലയോര മേഖലയിൽ ഇപ്പോഴും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് ആവശ്യമായ തുക സമാഹരിക്കാനാകുമെന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് അനുര കുമാര ദിസനായകേ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സൗഹൃദ രാജ്യങ്ങളുടെ സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും അനുര കുമാര ദിസനായകേ വ്യക്തമാക്കി. റോഡുകള്‍, വീടുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ, സ്കൂളുകൾ, വൈദ്യുതി തൂണുകൾ തുടങ്ങിയവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി.

വിവിധ മേഖലകളുടെ പുനർനിർമ്മാണത്തിന്‌ ശ്രീലങ്കന്‍ സർക്കാർ ലോകബാങ്കുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 15,000-ത്തിലധികം വീടുകൾ തകര്‍ന്നെന്നാണ്‌ യുഎന്‍ റിലീഫ് കോ-ഓര്‍ഡിനേഷന്‍ ഓഫീസിന്റെ കണക്ക്. നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. ശുദ്ധജല ലഭ്യതയിലും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷം തിങ്കളാഴ്ച പാർലമെന്റിൽ നിന്ന് വാക്ക്ഔട്ട് നടത്തി.

ഒപ്പമുണ്ടെന്ന് ഇന്ത്യ

ശ്രീലങ്കയ്ക്ക് തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ഫോണിൽ സംസാരിച്ചു. ഓപ്പറേഷൻ സാഗർ ബന്ധുവിന് കീഴിൽ ശ്രീലങ്കയ്ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് മോദി ഉറപ്പു നല്‍കി.

Also Read: Cyclone Ditwah: കനത്ത മഴ; തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി

വരും ദിവസങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മോദി ലങ്കന്‍ പ്രസിഡന്റിനോട് പറഞ്ഞു. ഇന്ത്യ നൽകിയ സഹായത്തിനും രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ സാമഗ്രികളെയും വേഗത്തിൽ വിന്യസിച്ചതിനും ദിസനായകെ നന്ദി അറിയിച്ചു. ശ്രീലങ്കയിലുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും മോദി ദുഃഖം രേഖപ്പെടുത്തി.