Donald Trump: ബിബിസിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ട്രംപ്, നഷ്ടപരിഹാരമായി ചോദിക്കുന്നത് വന്‍ തുക
Donald Trump BBC Issue: ബിബിസിക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ചോദിക്കാനാണ് ട്രംപിന്റെ നീക്കം
വാഷിങ്ടണ്‍: തന്റെ പ്രസംഗം വീഡിയോ തെറ്റായി എഡിറ്റ് ചെയ്‌തെന്ന് ആരോപിച്ച് ബിബിസിക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ചോദിക്കാനാണ് ട്രംപിന്റെ നീക്കം. 2021 ജനുവരി ആറിന് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ തെറ്റായി എഡിറ്റ് ചെയ്തതായി ബിബിസി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ബിബിസിയുടെ ക്ഷമാപണം കൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നും, തന്റെ സല്‍പ്പേരിനെയാണ് ഇത് ബാധിച്ചതെന്നും ട്രംപ് പറയുന്നു.
അതേസമയം, യുഎസില്‍ ബീഫ്, കാപ്പി തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. വില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങളില്‍ ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പുകളില്‍ വിലവര്‍ധനവ് പ്രധാന വിഷയമായി വോട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിർജീനിയയിലും ന്യൂജേഴ്‌സിയിലും നടന്ന മത്സരങ്ങളിൽ ഡെമോക്രാറ്റുകൾ വന്‍ വിജയമാണ് നേടിയത്. ഡെമോക്രാറ്റുകളുടെ ഈ വിജയമാണ് തീരുവ കുറയ്ക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.
Also Read: Donald Trump Tariff: രക്ഷയില്ല, പിന്‍വലിച്ചു; ഭക്ഷ്യ വസ്തുക്കളുടെ തീരുവ ഒഴിവാക്കി ട്രംപ്
താരിഫുകള്‍ കണ്‍സ്യൂമര്‍ പ്രൈസ് വര്‍ധിപ്പിക്കില്ലെന്നായിരുന്നു ഇതുവരെ ട്രംപ് ഭരണകൂടം സ്വീകരിച്ച നിലപാട്. എന്നാല്‍ ബീഫിനടക്കം റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അവ കുറയ്ക്കാന്‍ നടപടിയെടുത്തേക്കുമെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു.
വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് താരിഫ് ചുമത്തിയതും പ്രതിഫലിച്ചു. പ്രധാന ബീഫ് കയറ്റുമതിക്കാരായ ബ്രസീലിനുമേല്‍ തീരുവ ചുമത്തിയത് ബീഫ് വില വര്‍ധനവിന് കാരണമായി. തേയില, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, ചില വളങ്ങൾ എന്നിവയുടെ തീരുവയും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതിലെ ചില ഉത്പന്നങ്ങള്‍ യുഎസില്‍ ഉത്പാദിപ്പിക്കുന്നതല്ല.
കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ, അർജന്റീന എന്നീ രാജ്യങ്ങളുമായി കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവച്ചത്. കാപ്പിയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുവ കുറയ്ക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.