Donald Trump Tariff: രക്ഷയില്ല, പിന്‍വലിച്ചു; ഭക്ഷ്യ വസ്തുക്കളുടെ തീരുവ ഒഴിവാക്കി ട്രംപ്
Trump Withdraws Food Tariffs: ജീവിതച്ചെലവ് വര്‍ധിക്കുന്നത് ആളുകളില്‍ ഉണ്ടാക്കുന്ന ആശങ്കയെ തുടക്കത്തില്‍ ട്രംപ് മുഖവിലയ്‌ക്കെടുത്തിരുന്നില്ലെങ്കിലും, കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ചത് ട്രംപിനെ തീരുവ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
വാഷിങ്ടണ്‍: നിരവധി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭക്ഷ്യ ഉത്പന്നങ്ങളെ അമിത തീരുവയില്‍ നിന്ന് ഒഴിവാകാന്‍ അനുവദിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. കാപ്പി, വാഴപ്പഴം, ബീഫ് എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഇതോടെ തീരുവ ഇളവ് ലഭിക്കുന്നതാണ്. വിലക്കയറ്റം മൂലം ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദം മറികടക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം.
ജീവിതച്ചെലവ് വര്‍ധിക്കുന്നത് ആളുകളില്‍ ഉണ്ടാക്കുന്ന ആശങ്കയെ തുടക്കത്തില്‍ ട്രംപ് മുഖവിലയ്‌ക്കെടുത്തിരുന്നില്ലെങ്കിലും, കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ചത് ട്രംപിനെ തീരുവ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇളവുകള്‍ നല്‍കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടു. അവോക്കാഡോ, തക്കാളി, തേങ്ങ, മാമ്പഴം തുടങ്ങി നിരവധി ഉത്പന്നങ്ങളില്‍ പട്ടികയിലുണ്ട്.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യുഎസ് ഇറക്കുമതിയ്ക്ക് നിലവില്‍ 10 ശതമാനം താരിഫാണ് ഈടാക്കുന്നത്. ഇതിന് പുറമെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നത് യുഎസ് ഉപഭോക്താക്കള്‍ കടുത്ത വില വര്‍ധനവ് നേരിടുന്നതിന് കാരണമായി. കമ്പനികള്‍ ഉയര്‍ന്ന വിലയുടെ രൂപത്തില്‍ താരിഫ് ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.




ഭക്ഷ്യ ഉത്പന്നങ്ങളിലുള്ള ഇളവ് നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വന്നു. പല ചരക്ക് വിലയെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി, നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ വഴി കാപ്പിയുടെയും വാഴപ്പഴത്തിന്റെ ഇറക്കുമതി കുറയ്ക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.