US To Take Over Gaza Strip: ‘ഗാസ യുഎസ് ഏറ്റെടുക്കും; എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോകണം’; ഡൊണാൾഡ് ട്രംപ്
US To Take Over Gaza Strip After Trump Benjamin Netanyahu Talks: നിർണായക കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കരാറിനെ സംബന്ധിച്ചുള്ള ചർച്ചകളും ഇരു നേതാക്കളും നടത്തി. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും എന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടൺ: യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശമായ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കി. ഈ മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണം എന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. തുടർന്ന്, പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാത്തിയത്.
നിർണായക കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കരാറിനെ സംബന്ധിച്ചുള്ള ചർച്ചകളും ഇരു നേതാക്കളും നടത്തി. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും എന്നും ട്രംപ് പറഞ്ഞു. ഗാസയ്ക്ക് സ്ഥിരമായ ഭാവി ഇല്ലെന്നും, യുദ്ധത്തിൽ തകർന്ന ഗാസ നിലവിൽ വാസയോഗ്യം അല്ലെന്നും, അതുകൊണ്ട് തന്നെ ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻ ജനങ്ങളെ സ്വീകരിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു. ജോർദാൻ രാജാവ് അടുത്തയാഴ്ച വൈറ്റ് ഹൗസിൽ എത്താനിരിക്കെ ആണ് ട്രംപിന്റെ പുതിയ നിർദേശം.
ALSO READ: ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ച് ചൈന; യുഎസ് എണ്ണയ്ക്ക് തീരുവ; ട്രംപിന് തിരിച്ചടി
അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി. ഇതുവരെ ഇസ്രായേലിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സുഹൃത്ത് ട്രംപ് ആണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹുവിന്റെ പ്രതികരണം. ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച് സംസാരിച്ചതിന് ശേഷം ട്രംപ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ട ഒരു ആശയമാണെന്നും, ഇത് ചരിത്രമാകുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചത് ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും ആണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റതിന് ശേഷം മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത് ഇതാദ്യമായാണ്. അതേസമയം, ഗാസയിലെ രണ്ടാം ഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതിനിടെ, പലസ്തീൻ ജനത ഗാസ വിടണം എന്ന ട്രംപിന്റെ നിർദേശം ഗാസ പൂർണമായും തള്ളി.