Donald Trump: ആണവ ദുരന്തം ഒഴിവാക്കി; ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്
India-Pakistan ceasefire: ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മേയ് പത്തിനാണ് രാജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് പ്രഖ്യാപനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ താൻ ഇടപ്പെട്ടാണ് വെടിനിർത്തലിന് ധാരണയായത് എന്ന അവകാശ വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
ഇന്ത്യ പാകിസ്താൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് വ്യക്തമാക്കിയെന്നും യുദ്ധത്തിൽ നിന്ന് ഇരുരാജ്യങ്ങളെയും തടഞ്ഞെന്നും ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘർഷമാണ് താൻ ഇടപ്പെട്ട് ഒഴിവാക്കിയതെന്ന് ട്രംപ് വാദിച്ചു. ‘ഇരു രാജ്യങ്ങളിലെയും നേതാക്കളോട് നന്ദി പറയുന്നു. എന്റെ രാജ്യത്തെ ജനങ്ങളോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരസ്പരം വെടിയുതിർക്കുകയും ആണവ ആയുധങ്ങൾ ഉപയോഗിക്കാൻ സാധ്യത ഉള്ളവരുമായി വ്യാപാരം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുയ ഇന്ത്യ, പാകിസ്താൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ഇക്കാര്യങ്ങൾ മനസ്സിലാകുകയും എല്ലാം അവസാനിക്കുകയും ചെയ്തു’ എന്ന് ട്രംപ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താൻ സംഘർഷം ഉടലെടുത്തത്. തുടർന്ന് ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മേയ് പത്തിനാണ് രാജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് പ്രഖ്യാപനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ താൻ ഇടപ്പെട്ടാണ് വെടിനിർത്തലിന് ധാരണയായത് എന്ന അവകാശ വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. തുടർന്ന് പലതവണ അത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ വെടിനിർത്തലിന് മൂന്നാമതൊരു കക്ഷി ഇടപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.