AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trump Zelensky Meeting: സെലെന്‍സ്‌കിയെ കാണുന്നതിന് മുമ്പ് ട്രംപിന്റെ നിര്‍ണായക നീക്കം; പുടിനെ ഫോണില്‍ വിളിച്ചു

Donald Trump speaks with Vladimir Putin : പുടിനുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. സെലെന്‍സ്‌കെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ട്രംപ് പുടിനെ വിളിച്ചത്

Trump Zelensky Meeting: സെലെന്‍സ്‌കിയെ കാണുന്നതിന് മുമ്പ് ട്രംപിന്റെ നിര്‍ണായക നീക്കം; പുടിനെ ഫോണില്‍ വിളിച്ചു
വ്‌ളാഡിമിർ പുടിൻ, ഡൊണാൾഡ് ട്രംപ്, വോളോഡിമർ സെലെൻസ്‌കിImage Credit source: PTI
jayadevan-am
Jayadevan AM | Published: 17 Oct 2025 08:11 AM

വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്കായി രണ്ടാഴ്ചയ്ക്കുള്ളില്‍ ബുഡാപെസ്റ്റില്‍ വെച്ച് പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കൂടിക്കാഴ്ചയ്ക്കുള്ള തീയതി വ്യക്തമാക്കിയിട്ടില്ല. പുടിനുമായി ട്രംപ് രണ്ട് മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഉടൻ തന്നെ കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സെലെൻസ്‌കിയെ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു.

അലാസ്‌കയില്‍ നടന്നതുപോലെയുള്ള സമാധാന ചര്‍ച്ച ബുഡാപെസ്റ്റിലും നടക്കാനാണ് സാധ്യത. എന്നാല്‍ അലാസ്‌ക ചര്‍ച്ചയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയുണ്ടാക്കാനായില്ല. ബുഡാപെസ്റ്റില്‍ അതിന് സാധിച്ചാല്‍ യുക്രൈന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വഴിത്തിരിവായി ഇത് മാറും.

സെലെന്‍സ്‌കി യുഎസില്‍

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്‌കി യുഎസിലെത്തി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം തടഞ്ഞതുപോലെ യുക്രൈനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്‌ക്കെതിരെ പ്രവർത്തിക്കുമെന്നും സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു.

Also Read: ഖാര്‍കിവില്‍ റഷ്യയുടെ ബോംബാക്രമണം, ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി

ടോമാഹോക്ക് മിസൈലുകളുടെ വിതരണസാധ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രൈനില്‍ നിന്ന് വിക്ഷേപിച്ചാല്‍ മോസ്‌കോയിലെത്താന്‍ പാകത്തിനുള്ളതാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രൈന് ടോമാഹോക്ക് കൈമാറാന്‍ യുഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മിസൈലുകള്‍ കൈമാറിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടോമാഹോക്കുകൾ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് പുടിന്‍ വ്യക്തമാക്കി. ടോമാഹോക്ക് മിസൈലുകളെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ റഷ്യ തിടുക്കം കാണിക്കുകയാണെന്ന്‌ സെലെന്‍സ്‌കി പരിഹസിച്ചു. യുഎസിലെ പ്രതിരോഘ കമ്പനികളെ കാണുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.