UAE Golden Visa: യുഎഇ ഗോള്‍ഡന്‍ വിസ എടുത്താലോ? ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്, എന്തെല്ലാമാണെന്ന് നോക്കൂ
UAE Golden Visa Benefits: നിക്ഷേപകര്‍, ശാസത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫണലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഈ വിസ സ്വന്തമാക്കാം. ദീര്‍ഘകാല താമസം കൂടാതെ വേറെയും ഒട്ടനവധി ആനുകൂല്യങ്ങള്‍ ഗോള്‍ന്‍ വിസ നല്‍കുന്നുണ്ട്.
അബുദബി: സ്‌പോണ്‍സറുടെ സഹായമില്ലാതെ യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ വിദേശികളെ അനുവദിക്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസയ്ക്കുള്ളത്. നിക്ഷേപകര്‍, ശാസത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫണലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഈ വിസ സ്വന്തമാക്കാം. ദീര്‍ഘകാല താമസം കൂടാതെ വേറെയും ഒട്ടനവധി ആനുകൂല്യങ്ങള്‍ ഗോള്‍ന്‍ വിസ നല്‍കുന്നുണ്ട്.
കോണ്‍സുലാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം
ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് വിദേശ യാത്ര നടത്തുമ്പോള്‍ പ്രത്യേക കോണ്‍സുലാര്‍ സഹായം ലഭിക്കുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും 30 മിനിറ്റുനിള്ളില്‍ അടിയന്തര യാത്ര രേഖകള്‍ നല്‍കുന്നു. കൂടാതെ 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍, റീപാട്രിയേഷന്‍ സേവനങ്ങള്‍ എന്നിവയും ലഭിക്കുന്നതാണ്.
ദീര്‍ഘകാല റെസിഡന്‍സി
വിസ പുതുക്കാവുന്ന തരത്തിലുള്ള പത്ത് വര്‍ഷത്തെ റെസിഡന്‍സിയാണ് ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ലഭിക്കുന്നത്. ഉടമ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാലം വരെ വിസ പുതുക്കി മുന്നോട്ടുപോകാന്‍ സാധിക്കുന്നതാണ്.




സ്‌പോണ്‍സറുടെ ആവശ്യമില്ല
മറ്റ് വിസകള്‍ കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് യുഎഇയില്‍ തൊഴിലുടമയുടെയോ സ്‌പോണ്‍സറുടെയും ആവശ്യമില്ല. ഇവര്‍ക്ക് വിസ റദ്ദാക്കാതെ തന്നെ ജോലി മാറാനോ, ബിസിനസുകള്‍ ആരംഭിക്കാനോ, ഫ്രീലാന്‍സ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനോ സാധിക്കും.
യുഎഇയ്ക്ക് പുറത്തും താമസിക്കാം
ഗോള്‍ഡന്‍ വിസ ഉടമ ആറ് മാസത്തില്‍ കൂടുതല്‍ വിദേശ രാജ്യത്ത് താമസിക്കുകയാണെങ്കില്‍ സാധാരണ റെസിഡന്റ് വിസകള്‍ കാലഹരണപ്പെടും. എന്നാല്‍ ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് കൂടുതല്‍ കാലം യുഎഇയ്ക്ക് പുറത്ത് താമസിക്കാന്‍ സാധിക്കുന്നതാണ്.
കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍
ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ വളരെ എളുപ്പത്തില്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. വിസ ഉടമ മരിച്ചാല്‍, കുടുംബാംഗങ്ങള്‍ക്ക് സ്വന്തം വിസയുടെ കാലാവധി കഴിയുന്നത് വരെ യുഎഇയില്‍ താമസിക്കാവുന്നതാണ്.
Also Read: Diwali 2025: ദീപാവലി വെടിക്കെട്ട് അങ്ങ് ദുബായില്‍ അല്ലേ; എവിടെ എപ്പോള്‍ കാണാം?
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യരായ ആളുകള്‍ക്ക് അത് ലഭിക്കുന്നതിന് ആറ് മാസം മുമ്പ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുന്നതാണ്. രാജ്യത്ത് സ്ഥിരമായി താമസിക്കാതെ തന്നെ ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധനകള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാന്‍ താത്കാലിക വിസ ലഭിക്കുന്നതാണ്.
തൊഴില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് യുഎഇ തൊഴില്‍ നിയമങ്ങളില്‍ നിന്നും ഇളവുകള്‍ ലഭിക്കും. പ്രൊബേഷന്‍ കാലയളവില്‍ ജോലി ഉപേക്ഷിക്കുന്ന മറ്റ് വിസക്കാര്‍ക്ക് 1 വര്‍ഷത്തെ തൊഴില്‍ വിലക്കുണ്ടാകും. എന്നാല്‍ ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ഇതുണ്ടാകില്ല.