Russia Ukraine Clash: ഖാര്‍കിവില്‍ റഷ്യയുടെ ബോംബാക്രമണം, ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി
Russia strikes Kharkiv: ഖാര്‍കിവില്‍ റഷ്യയുടെ ബോംബാക്രമണം. ഗൈഡഡ് ബോംബുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി. ടോമാഹോക്ക് മിസൈല്‍ വിഷയം ചര്‍ച്ചയാകും
യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യയുടെ ബോംബാക്രമണം. ഗൈഡഡ് ബോംബുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായും ഏകദേശം 30,000 പേര്‍ക്ക് വൈദ്യുതി മുടങ്ങിയതായും യുക്രൈന്‍ ആരോപിച്ചു. നെമിഷ്ലിയാൻസ്കി, സ്ലോബിഡ്സ്കി, ഷെവ്ചെൻകിവ്സ്കി ജില്ലകളെ ലക്ഷ്യമിട്ടാണ് റഷ്യ ഗൈഡഡ് ബോംബുകള്‍ ഉപയോഗിച്ചതെന്ന് റീജിയണൽ ഗവർണർ ഒലെഹ് സിനിഹുബോവ് പറഞ്ഞു. മൂന്ന് ബോംബുകൾ ഒരു ആശുപത്രിക്ക് നാശനഷ്ടങ്ങള്‍ വരുത്തിയെന്നും, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ തകര്‍ത്തെന്നും മേയർ ഇഹോർ തെരേഖോവ് പറഞ്ഞു.
ആശുപത്രിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും, നാല് പേര്‍ക്ക് പരിക്കേറ്റെന്നും, ഇരുനൂറോളം ജനാലകള്‍ തകര്‍ന്നെന്നും തെരെഖോവ് ആരോപിച്ചു. വൈദ്യുതി ശൃംഖലയെയും ലക്ഷ്യമിട്ടു. വൈദ്യുതി പ്രക്ഷേപണ ശൃംഖലയുടെ പ്രവർത്തനം നിർത്തുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു. യുക്രൈനിന്റെ ഇലക്ട്രിസിറ്റി ഗ്രിഡ്, ഗ്യാസ് ഇന്‍ഡസ്ട്രി എന്നിവയുമായി ബന്ധപ്പെട്ടുള്ള ടാര്‍ജറ്റുകളിലാണ് സമീപ ആഴ്ചകളില്‍ റഷ്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച കൈവിലും മറ്റിടങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ആക്രമണങ്ങള്‍ നിരവധി വീടുകളെയും, ബിസിനസുകളെയും ബാധിച്ചിരുന്നു. വൈദ്യുതി തടസമുണ്ടാക്കുകയും, ജലവിതരണം തടസപ്പെടുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ കോസ്റ്റിയാന്റിനിവ്ക നഗരത്തിൽ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതായി നഗരത്തിലെ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി പറഞ്ഞു.




അതേസമയം, കിഴക്കന്‍ യുക്രൈനില്‍ നടത്തിയ സൈനിക നീക്കത്തിലൂടെ രണ്ട് ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഡൊണെറ്റ്സ്ക് മേഖലയിലെ ഡോബ്രോപിലിയയ്ക്ക് സമീപം റഷ്യ നടത്തിയ സൈനിക നീക്കത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയതായി യുക്രൈന്‍ നാഷണല്‍ ഗാര്‍ഡ് അവകാശപ്പെട്ടു.
Also Read: രണ്ട് ഫാക്‌ടറികളിൽ സ്ഫോടനം; ബംഗ്ലാദേശിൽ 16 പേർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയർന്നേക്കാം
ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി
അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വാഷിംഗ്ടണിലാണ് കൂടിക്കാഴ്ച. യുക്രൈനിന്റെ വ്യോമ പ്രതിരോധം, ദീര്‍ഘദൂര ആക്രമണശേഷി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. റഷ്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിന് എത്ര ടോമാഹോക്ക് മിസൈലുകള്‍ യുക്രൈന് വേണമെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ചും ചര്‍ച്ചയാകും.