AI Salama: ദുബായിൽ ഇനി വീസ പുതുക്കാൻ എഐ സലാമ; മിനിറ്റുകൾകൊണ്ട് സംഭവം റെഡി
Dubai Launches AI Salama: താമസകാർക്ക് സലാമയിൽ നിന്ന് നേരിട്ട് അപ്‌ഡേറ്റ് ചെയ്‌ത രേഖകൾ ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി നീണ്ട കാത്തിരിപ്പോ സമയങ്ങളോ ഇനി മുതൽ ആവശ്യമില്ല. സലാമ എന്ന എഐ വഴി ഇനി മുതൽ താമസകാർക്ക് അവരുടെ വീസ മിനിറ്റുകൾക്കുള്ളിൽ പുതുക്കാവുന്നതാണ്.
ഷാർജ: ദുബായ് വീസ പുതുക്കാൻ ഇനി മുതൽ ഏതാനും മിനിറ്റുകൾ മാത്രം മതി. നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സലാമ ആരംഭിച്ചിരിക്കുകയാണ് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഇക്കാര്യം പ്രഖ്യാപിച്ചത്. സലാമ എന്ന എഐ വഴി ഇനി മുതൽ താമസകാർക്ക് അവരുടെ വീസ മിനിറ്റുകൾക്കുള്ളിൽ പുതുക്കാവുന്നതാണ്.
“മീഡിയ വിഷൻ ഷേപ്പിംഗ് ദി ഫ്യൂച്ചർ” എന്ന വിഷയത്തിൽ നടന്ന നാലാമത് വാർഷിക മീഡിയ കൗൺസിലിലാണ് പ്രഖ്യാപനം നടന്നത്. താമസകാർക്ക് സലാമയിൽ നിന്ന് നേരിട്ട് അപ്‌ഡേറ്റ് ചെയ്‌ത രേഖകൾ ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി നീണ്ട കാത്തിരിപ്പോ സമയങ്ങളോ ഇനി മുതൽ ആവശ്യമില്ല. സാധാരണയായി ചെയ്തുവരുന്ന പേപ്പർവർക്കുകളുടെ ആവശ്യമില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനും നേരിട്ട് പേയ്‌മെന്റുകൾ നടത്താനും പ്ലാറ്റ്‌ഫോം ആളുകൾക്ക് സൗകര്യമൊരുക്കുന്നു.
സലാമ വഴി, താമസക്കാർക്ക് GDRFA ദുബായ് വെബ്‌സൈറ്റ് സന്ദർശിച്ച് രണ്ട് മിനിറ്റിനുള്ളിൽ വിസ പുതുക്കാൻ കഴിയും. ഒരു ഉപയോക്താവ് ഇതിൽ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ എഐ അവരുടെ വിശദാംശങ്ങൾ സ്വയമേവ തിരിച്ചറിയുകയും ആശ്രിത വീസയുടെ നിലവിലെ അവസ്ഥ പ്രദർശിപ്പിക്കുകയും ചെയ്യും. എത്ര ദിവസംകൊണ്ട് വിസ കാലാവതി തീരുമെന്നടക്കം അതിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്.
സ്മാർട്ട് ചാനൽ വഴിയും യുഎഇ പാസ് വഴിയും ഈ സേവനം ആക്‌സസ് ചെയ്യാൻ കഴിയും. ലോഗിൻ ചെയ്‌ത ശേഷം, അപേക്ഷകന്റെ ഡാറ്റ സ്വയമേവ തിരിച്ചറിയുകയും അവരുടെ കൂടെയുള്ള മറ്റ് ആശ്രിതരുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ ആശ്രിതനും താമസിക്കുന്ന കാലയളവ് കാണിക്കുകയും ചെയ്യും.
തുടർന്ന് ഉപഭോക്താവ് പുതുക്കൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. AI ആവശ്യമായ വിവരങ്ങൾ വീണ്ടെടുക്കുകയും ഉപയോക്താവിൻ്റെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും ചെയ്യും. അതിനുശേഷം പണമടക്കാനുള്ള ഓപ്ഷൻ കാണിക്കുന്നതാണ്. തുടർന്ന് പുതുക്കിയ വിസ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് നേരിട്ട് സലാമ അയയ്ക്കും. 40-ലധികം ഭാഷകളിൽ ഈ സേവനം നിങ്ങൾക്ക് ഉപയോഗിക്കാം. ഭാവിയിൽ കൂടുതൽ ഭാഷകൾ ചേർക്കുമെന്നും അധികൃതർ അറിയിച്ചു.