Dubai Police: 1.1 മില്ല്യൺ ദിർഹം വിലവരുന്ന ആഭരണങ്ങൾ വിമാനത്താവളത്തിൽ വച്ച് നഷ്ടമായി; ബംഗ്ലാദേശിൽ നിന്ന് കണ്ടെടുത്ത് ദുബായ് പോലീസ്
Dubai Police Recover Jewellery From Bangladesh: ബംഗ്ലാദേശിൽ നിന്ന് 1.1 മില്ല്യൺ ദിർഹം വിലവരുന്ന ആഭരണങ്ങൾ വീണ്ടെടുത്ത് ദുബായ് പോലീസ്. ബംഗ്ലാദേശ് അധികൃതരുമായി സഹകരിച്ചാണ് ബാഗ് വീണ്ടെടുത്തത്.

ദുബായ് പോലീസ്
1.1 മില്ല്യൺ ദിർഹം വിലവരുന്ന ആഭരണങ്ങൾ ബംഗ്ലാദേശിൽ നിന്ന് കണ്ടെടുത്ത് വീണ്ടെടുത്ത് പോലീസ്. ജിസിസി രാജ്യത്തേക്കുള്ള യാത്രക്കിടെ ജ്വല്ലറി ഉടമയ്ക്ക് വിമാനത്താവളത്തിൽ വച്ച് നഷ്ടമായ ബാഗാണ് ബംഗ്ലാദേശിൽ നിന്ന് ദുബായ് പോലീസ് കണ്ടെടുത്തത്. മോഷണമല്ലെന്നും ബാഗ് മാറിപ്പോയതാണെന്നും അധികൃതർ അറിയിച്ചു.
ഒരു പ്രദർശനത്തിൽ പങ്കെടുക്കാനായാണ് ദുബായ് സ്വദേശിയായ ജ്വല്ലറി ഉടമ ഒരു ജിസിസി രാജ്യത്തേക്ക് യാത്ര ചെയ്തത്. അമൂല്യ രത്നങ്ങളടങ്ങിയ നാല് ബാഗുകൾ അദ്ദേഹം ഒപ്പം കൊണ്ടുപോയിരുന്നു. സ്ഥലത്തെത്തിയപ്പോഴാണ് ബാഗുകളിൽ ഒന്ന് തൻ്റേതല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഇതോടെ ഉടൻ തന്നെ തിരികെ യുഎഇയിലെത്തിയ ജ്വല്ലറി ഉടമ എയർപോർട്ട് സെക്യൂരിറ്റിയിൽ പരാതിനൽകി. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ ബംഗ്ലാദേശുകാരനായ ഒരു യാത്രക്കാരൻ അബദ്ധത്തിൽ ബാഗ് മാറിയെടുത്ത് പോവുകയായിരുന്നു. ഒരുപോലെയുള്ള ബാഗുകൾ കാരണം മാറിപ്പോയതാവാമെന്നാണ് കണക്കുകൂട്ടൽ.
ഇയാൾ ഈ സമയം കൊണ്ട് ബംഗ്ലാദേശിലെത്തിയിരുന്നു. തുടർന്ന് ദുബായ് പോലീസ് ഉടൻ തന്നെ നിയമനടപടികൾ ആരംഭിച്ചു. ധാക്കയിലെ യുഎഇ എംബസിയുമായും ബംഗ്ലാദേശ് അധികൃതരുമായും ബന്ധപ്പെട്ട ദുബായ് പോലീസ് ബാഗ് മാറി കൊണ്ടുപോയ ആളെ കണ്ടെത്തി. വൈകാതെ തന്നെ ഇവർ ബാഗ് തിരികെ ജ്വല്ലറി ഉടമയുടെ പക്കൽ എത്തിക്കുകയും ചെയ്തു.
“എൻ്റെ അഭിനന്ദനം എങ്ങനെ പറയണമെന്നറിയില്ല. ആളുകളെ സന്തോഷിപ്പിക്കാൻ പോലീസ് സ്വീകരിക്കുന്ന മാർഗങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണ്.”- ബാഗ് തിരികെ ലഭിച്ച ജ്വല്ലറി ഉടമ പറഞ്ഞു. അതേസമയം, അന്വേഷണത്തിന് പൂർണമായി സഹകരിച്ച ബംഗ്ലാദേശ് അധികൃതരോടുള്ള നന്ദി ദുബായ് പോലീസും അറിയിച്ചു.