Turkey Earthquake: തുർക്കിയിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി
Earthquake In Turkey: ഭൂചലനത്തിനെ തുടർന്നുണ്ടായ പ്രകമ്പനം തുർക്കിയുടെ പ്രധാന നഗരമായ അങ്കാറയിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 23-നും തുർക്കിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്താംബുൾ: തുർക്കിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 3:46-നാണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ കുളുവിന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം പ്രഭവ കേന്ദ്രമെന്നും സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി.
ഭൂചലനത്തിനെ തുടർന്നുണ്ടായ പ്രകമ്പനം തുർക്കിയുടെ പ്രധാന നഗരമായ അങ്കാറയിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 23-നും തുർക്കിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് റിക്ടെർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ ഇസ്താംബൂളിലും ഇതിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവും റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുർക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തിൽ 53,000 ആളുകൾ മരിച്ചതയാി കണ്കാക്കുന്നു. സിറിയയിൽ 6,000 പേരാണ് മരിച്ചത്.
വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണിതെന്നും, എല്ലാ വർഷവും 5 തീവ്രതയുള്ള ഒരു ഭൂകമ്പമെങ്കിലും രാജ്യത്ത് ഉണ്ടാകാറുണ്ടെന്നും തുർക്കിയുടെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.