UAE: ഇറാനിലേക്കുള്ള വിമാനസർവീസുകൾ ഉടൻ പുനരാരംഭിക്കില്ല; വിലക്ക് ജൂലായ് അഞ്ച് വരെ നീട്ടി എമിറേറ്റ്സ് എയർവേയ്സ്
Emirates Flight Service To Tehran: ഇറാനിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ ജൂലായ് അഞ്ച് വരെ പുനരാരംഭിക്കില്ലെന്ന് എമിറേറ്റ്സ് എയർവേയ്സ്. മറ്റ് വിമാനസർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇറാനിലേക്കുള്ള വിമാനസർവീസുകൾ ഉടൻ പുനരാരംഭിക്കില്ല എന്ന് എമിറേറ്റ്സ് എയർവേയ്സ്. ടെഹ്റാനിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയ നടപടി ജൂലായ് അഞ്ച് വരെ നീട്ടിയതായി എമിറേറ്റ്സ് എയർവേയ്സ് അറിയിച്ചു. ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് ധാരണയായെങ്കിലും ഇറാൻ എയർസ്പേസ് തുറന്നിട്ടില്ല. ഇത് പരിഗണിച്ചാണ് വിലക്ക് നീട്ടാൻ എമിറേറ്റ്സ് എയർവേയ്സ് തീരുമാനിച്ചത്.
രാജ്യത്തെ മറ്റ് പ്രമുഖ വിമാനസർവീസുകളൊക്കെ പുനരാരംഭിച്ചിരുന്നു. എന്നാൽ, എമിറേറ്റ്സ് ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. മിഡിൽ ഈസ്റ്റിലെ വിമാനസർവീസുകൾ സാധാരണരീതിയിലാവുന്നു എന്നാണ് ഫ്ലൈറ്റ്ട്രേഡർ24 റിപ്പോർട്ട് ചെയ്യുന്നത്. വിമാനങ്ങൾ സിറിയൻ എയർസ്പേസ് ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. മേഖലയിലെ ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം.
Also Read: Pakistan Earthquake: പാകിസ്ഥാനിൽ ഭൂകമ്പം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
ജൂലായ് ഒന്നോടെ ബാഗ്ദാദിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർവേയ്സ് അറിയിച്ചു. ബസ്രയിലേക്കുള്ള സർവീസുകൾ ജൂലായ് രണ്ടിന് പുനരാരംഭിക്കും. ദുബായിൽ നിന്ന് ഇറാഖിലേക്കുള്ള യാത്രക്കാർക്ക് ഈ സ്ഥലങ്ങളിലേക്കാവും യാത്ര അനുവദിക്കുക.
യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രാധാന്യമെന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു. വിമാനസർവീസുകൾ നിർത്തലാക്കിയതിൽ ബുദ്ധിമുട്ടുണ്ടായ യാത്രക്കാർ ട്രാവൽ ഏജൻസികളെ ബന്ധപ്പെടണമെന്നും എമിറേറ്റ്സ് പറഞ്ഞു.
12 ദിവസം നീണ്ട സംഘർഷം അവസാനിപ്പിച്ച് ജൂൺ 24നാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടെങ്കിലും ഇറാൻ ഇത് തള്ളിയിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും സംയുക്തമായി വെടിനിർത്തൽ കരാർ നിലവിൽ വന്നതായി അറിയിക്കുകയായിരുന്നു.