Ranil Wickremesinghe: അഴിമതി കേസ്; ശ്രീലങ്ക മുൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ
Ranil Wickremesinghe Arrested: 2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർവകലാശാലയിൽ നടന്ന ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം പൊതുപണം ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം. അദ്ദേഹത്തെ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ശ്രീലങ്ക മുൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ (Ranil Wickremesinghe). അഴിമതി കേസിലാണ് റനിൽ വിക്രമസിംഗെയെ സിഐഡി അറസ്റ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ സ്വകാര്യ വിദേശ യാത്രയ്ക്കായി സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് അറസ്റ്റ്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്നാണ് കേസ്.
2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർവകലാശാലയിൽ നടന്ന ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം പൊതുപണം ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം. അദ്ദേഹത്തെ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ച് മുമ്പ് പോലീസ് അദ്ദേഹത്തിന്റെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.
അഴിമതിയും ദുർഭരണവും ആരോപിച്ച് മാസങ്ങൾ നീണ്ട പ്രതിഷേധങ്ങളെത്തുടർന്ന് രാജപക്‌സെ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, 2022 ജൂലൈയിലാണ് വിക്രമസിംഗെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. 2022-ൽ രാജ്യം കണ്ട ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിനുശേഷം സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് 2024 സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പരാജയപ്പെടുകയായിരുന്നു. നിലവിൽ അനുര കുമാര ദിസനായകെയാണ് ശ്രീലങ്കയുടെ പ്രസിഡൻ്റ്.