Vladimir Putin: യുക്രൈനുമായുള്ള സമാധാന ചർച്ച; പുതിയ ഉപാധികളുമായി പുടിൻ
Russia Ukraine war: ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോറിസിയ എന്നീ നാല് പ്രദേശങ്ങൾ പൂർണ്ണമായി റഷ്യക്ക് വിട്ടുനൽകണമെന്നായിരുന്നു മുമ്പ് പുടിൻ ആവശ്യപ്പെട്ടിരുന്നത്.
മോസ്കോ: യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുതിയ ഉപാധികൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്ന് പൂർണ്ണമായി പിന്മാറുക, നാറ്റോ അംഗത്വ ശ്രമം ഉപേക്ഷിക്കുക, പാശ്ചാത്യ സൈന്യത്തെ രാജ്യത്ത് നിന്ന് ഒഴിവാക്കുക എന്നീ മൂന്ന് ഉപാധികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റഷ്യ-യുഎസ് ഉച്ചകോടിയുടെ ഭാഗമായി അലാസ്കയിൽ വെച്ച് നടന്ന പുടിൻ ട്രംപ് കൂടിക്കാഴ്ചയ്ക്കും, ട്രംപും സെലെൻസ്കിയും യൂറോപ്യൻ നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷമാണ് പുടിൻ ഈ ആവശ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ തെക്കൻ മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തിരികെ നൽകാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ: വഞ്ചനാ കേസില്‍ ട്രംപിനാശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടതില്ലെന്ന് കോടതി
ട്രംപിനൊപ്പമുള്ള, കൂടിക്കാഴ്ച ഉക്രെയ്നിൽ സമാധാനത്തിലേക്കുള്ള വഴി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ പറഞ്ഞിരുന്നു. എന്നാൽ എന്താണ് ചർച്ച ചെയ്തതെന്ന് ഇരു നേതാക്കളും വ്യക്തമായി പറഞ്ഞില്ല. 2024 ജൂണിൽ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പുടിൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോറിസിയ എന്നീ നാല് പ്രദേശങ്ങൾ പൂർണ്ണമായി റഷ്യക്ക് വിട്ടുനൽകണമെന്നായിരുന്നു മുമ്പ് പുടിൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം യുക്രൈൻ തള്ളിക്കളഞ്ഞിരുന്നു. ഉക്രെയ്ൻ ഇപ്പോഴും നിയന്ത്രിക്കുന്ന ഡോൺബാസിന്റെ ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറണമെന്നാണ് പുതിയ ആവശ്യം.