UAE Fire: ഷാർജയിലെ ഹംരിയ പോർട്ടിൽ തീപിടുത്തം; 24 മണിക്കൂറിന് ശേഷം തീയണച്ച് അധികൃതർ
Fire In Sharjah Al Hamariya Port: ഷാർജയിലെ ഹംരിയ പോർട്ടിലുണ്ടായ തീപിടുത്തം 24 മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം അണച്ചു. മെയ് 31ന് രാവിലെ എട്ട് മണിക്കുണ്ടായ തീപിടുത്തം ജൂൺ ഒന്ന് ഞായറാഴ്ചയാണ് അണച്ചത്.

യുഎഇ ഷാർജയിലെ ഹംരിയ പോർട്ടിൽ തീപിടുത്തം. 24 മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം തീയണച്ചു എന്ന് അധികൃതർ പറഞ്ഞു. മെയ് 31 ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് തീപിടുത്തമുണ്ടായത്. ജൂൺ ഒന്ന് ഞായറാഴ്ച പുലർച്ചെ 6.25ന് തീയണച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളൊക്കെ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഫലപ്രദമായി തീയണയ്ക്കാൻ സാധിച്ചു എന്ന് ദുരന്തനിവാരണ സംഘത്തിൻ്റെ തലവനായ മേജർ ജനറൽ അബ്ദുള്ള മുബാറക് ബിൻ അമർ പറഞ്ഞു. അതിനൂതന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യേക സംഘമാണ് തീയണച്ചത്. അടിയന്തിരഘട്ടങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നു. ഔദ്യോഗികമായുള്ള അറിയിപ്പുകൾ മാത്രമേ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യാവൂ. അനാവശ്യമായ അപവാദപ്രചരണങ്ങൾ നടത്തരുത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഷാർജയിലെ അൽ സജാ ഏരിയയിലുള്ള പെട്രോകെമിക്കൽ, ഫൈബർഗ്ലാസ് സ്ഥാപനത്തിലും തീപിടുത്തമുണ്ടായിരുന്നു. ഈ തീയും എളുപ്പത്തിൽ അണയ്ക്കാൻ കഴിഞ്ഞു. അതേ ദിവസം, അബുദാബിയിലെ മുസഫ്ഫയിലുള്ള ഒരു സംഭരണശാലയിലും അഗ്നിബാന്ധയുണ്ടായി. ഇവിടെയുണ്ടായ അഗ്നിബാധയും വേഗത്തിൽ അണയ്ക്കാൻ കഴിഞ്ഞു. ഇവിടെയും ആളപായമില്ല.
യുഎഇയിലെ ബലിപെരുന്നാൾ അവധി
യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസമാണ് അവധി. സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ മന്ത്രാലയം തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചു. ദുൽ ഹജ്ജ് 9, അതായത് ജൂൺ അഞ്ച്, വ്യാഴാഴ്ച മുതൽ 12, അതായത് ജൂൺ എട്ട്, ഞായറാഴ്ച വരെയാണ് അവധി. ജൂൺ 9, തിങ്കളാഴ്ച മുതൽ ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങും. ദുൽ ഹജ്ജ് 10ന് (ജൂൺ ആറ്) വെള്ളിയാഴ്ചയാണ് അറബ് രാജ്യങ്ങളിൽ ബലിപെരുന്നാൾ.