11A Seat Mystery: വിമാനത്തിലെ അത്ഭുത സീറ്റോ ’11എ’? രമേഷ് കുമാറിന്റേതിന് സമാനമായി 27 വർഷം മുമ്പ് രക്ഷപ്പെട്ടത് തായ് നടൻ
Flight 11A Seat Mystery Deepens: 27 വർഷം മുമ്പ് ഇതിന് സമാനമായി 11എ സീറ്റിൽ ഇരുന്ന ഒരാൾ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ആ സംഭവം ഇന്ത്യയിൽ അല്ല. അങ്ങ് തായ്‌ലൻഡിൽ ആണ്.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്നും ഇന്ത്യ കരകയറിയിട്ടല്ല. ആകാശ ദുരന്തത്തില്‍ ജീവൻ നഷ്ടമായത് 274 പേർക്കാണ്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രമേശ് വിശ്വാസ് കുമാർ എന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ഇതിന് പിന്നാലെ അദ്ദേഹം ഇരുന്ന സീറ്റ് നമ്പറായ 11എയെ കുറിച്ച് വ്യാപകമായ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഇതാണോയെന്ന് വരെ പലരും സംശയങ്ങൾ ഉന്നയിക്കുന്നു.
27 വർഷം മുമ്പ് ഇതിന് സമാനമായി 11എ സീറ്റിൽ ഇരുന്ന ഒരാൾ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ആ സംഭവം ഇന്ത്യയിൽ അല്ല. അങ്ങ് തായ്‌ലൻഡിൽ ആണ്. എയർ ഇന്ത്യ വിമാനദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ഞെട്ടിക്കുന്ന ഒരു യാദൃശ്ചികത തോന്നി. പ്രമുഖ തായ് നടനും ഗായകനുമായ റുവാങ്‌സാക് ലോയ്‌ചുസാക് ആണ് രമേശ് കുമാറിനെ പോലെ തന്നെ ഇതേ സീറ്റിലിരുന്ന് മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടത്.
1998 ഡിസംബർ 11ന് തന്‍റെ 20-ാം വയസിലാണ് റുവാങ്‌സാക് ലോയ്ചുസാക് സഞ്ചരിച്ച തായ് എയർവേസ് TG261 വിമാനം തായ്‌ലൻഡിന്റെ തെക്ക് ഭാഗത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണത്. ഈ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 146 പേരിൽ 101 പേരും മരിച്ചു. അപകട സമയത്ത് 11എ സീറ്റിലിരുന്ന നടൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ വിവരം ലോയ്‌ചുസാക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇത് കേട്ടതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
27 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആയതുകൊണ്ടുതന്നെ ബോർഡിംഗ് പാസ് പോലെയുള്ള തെളിവുകൾ ഒന്നും നടന്റെ കൈവശമില്ല. എന്നാൽ, സംഭവത്തിന്റെ വാർത്താ കട്ടിങ്ങുകളും മറ്റും നടൻ പങ്കുവച്ചിട്ടുണ്ട്. ഇതോടെ 11എ സീറ്റിന് പിന്നിലെ നിഗൂഢത വീണ്ടും ചർച്ചയാവുകയാണ്. എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ 11എ സീറ്റിലായിരുന്നു ഇരുന്നതെന്ന് അറിഞ്ഞപ്പോൾ രോമാഞ്ചം വന്നുവെന്ന് റുവാങ്‌സാക് പറഞ്ഞു.
ALSO READ: ഇസ്രായേല്‍ ആക്രമണം; ആണവ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം
മരണത്തെ അതിജീവിച്ചതിന് ശേഷം വർഷങ്ങളോളം താൻ മാനസികമായ പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി നടൻ പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. അപകടത്തിന് ശേഷം 10 വർഷത്തോളം അദ്ദേഹം പിന്നീട് വിമാനയാത്ര ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ജൂൺ 12ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോയിംഗ് ഡ്രീംലൈനർ ജനവാസ മേഖലയിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ വിശ്വാസ് കുമാർ മാത്രമാണ് രക്ഷപ്പെട്ടത്.