Ghana Helicopter Crash: ഘാനയിൽ ഹെലികോപ്റ്റർ അപകടം, പ്രതിരോധ മന്ത്രി ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം
Helicopter crash in Ghana: ബുധനാഴ്ച രാവിലെ തലസ്ഥാനമായ അക്രയിൽ നിന്ന് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒബുവാസി പട്ടണത്തിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
അക്ര: ഘാനയിൽ ഹെലികോപ്റ്റർ അപകടം. രണ്ട് മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എട്ട് പേർ മരിച്ചതായി കൊല്ലപ്പെട്ടതായി ഘാന സർക്കാർ സ്ഥിരീകരിച്ചു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസിന്റെ വൈസ് ചെയർമാനും ഒരു മുതിർന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഹെലികോപ്റ്ററിന്റെ ക്രൂ അംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാൻ ബോമാ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ്, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി കോർഡിനേറ്ററും മുൻ കൃഷി മന്ത്രിയുമായ അൽഹാജി മുഹമ്മദ് മുനിരു ലിമുന, മഹാമയുടെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടിയുടെ വൈസ് ചെയർമാൻ സാമുവൽ സർപോങ് എന്നിവർ മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ALSO READ: അമേരിക്കയിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് ; അഞ്ച് യുഎസ് സൈനികർക്ക് പരിക്ക്
ബുധനാഴ്ച രാവിലെ തലസ്ഥാനമായ അക്രയിൽ നിന്ന് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒബുവാസി പട്ടണത്തിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ തന്നെ റഡാറിൽ നിന്ന് വീഴുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഗതാഗതത്തിനും മെഡിക്കൽ എമർജൻസിക്കും സാധാരണയായി ഉപയോഗിക്കുന്ന ഒരു Z-9 യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം അപകടത്തെ ഘാന സർക്കാർ ‘ദേശീയ ദുരന്തം’ ആയി പ്രഖ്യാപിച്ചു. ഘാനയിൽ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. 2014 മെയ് മാസത്തിൽ, സർവീസ് ഹെലികോപ്റ്റർ തീരത്ത് തകർന്നുവീണ് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. 2021 ൽ, അക്രയിൽ ഒരു ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി യാത്രക്കാർ നിറഞ്ഞ ഒരു ബസിൽ ഇടിച്ചുകയറി 10 പേരുടെ ജീവൻ നഷ്ടപ്പെട്ടു.