India Pakistan Conflict: വെടിനിർത്തൽ: പാകിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ച് യുഎഇ
UAE Resumes Flight Services To Pakistan: വെടിനിർത്തൽ ധാരണ ആയതോടെ പാകിസ്താനിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ച് യുഎഇ. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
പാകിസ്താനിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ച് വിവിധ യുഎഇ കമ്പനികൾ. ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ആയതിന് പിന്നാലെയാണ് വിവിധ കമ്പനികൾ വിമാനസർവീസുകൾ പുനരാരംഭിച്ചത്. വെടിനിർത്തൽ ധാരണ ആയതോടെ പാകിസ്താൻ തങ്ങളുടെ എയർസ്പേസ് റീഓപ്പൺ ചെയ്തിരുന്നു.
യുഎഇയും പാകിസ്താനും തമ്മിലുള്ള എത്തിഹാദ് വിമാനസർവീസുകൾ ഈ മാസം 12 മുതൽ സാധാരണ രീതിയിൽ പുനരാരംഭിക്കും. ഇക്കാര്യം എത്തിഹാദ് വക്താവ് തന്നെ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മെയ് 11ന് പ്രാഥമികമായ നിലയിലും വിമാനസർവീസുണ്ടാവും. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ വിമാനത്താവളങ്ങളിലേക്കും തിരികെയുമുള്ള മൂന്ന് സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങളിലേക്കും തിരികെയുമുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. സ്ഥിതിഗതികൾ വിലയിരുത്തി വിമാനസർവീസുകളിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് എത്തിഹാദ് അറിയിച്ചു.
എമിറേറ്റ്സ് വിമാനക്കമ്പനിയും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. മെയ് 11ന് കറാച്ചി, ലാഹോർ, സിയാൽകോട്ട്, ഇസ്ലാമാബാദ്, പെഷവാർ എന്നീ വിമാനത്താവളങ്ങളിലേക്കും തിരികെയുമുള്ള സർവീസുകൾ നടക്കും. എയർ അറേബ്യയും മെയ് 11 മുതൽ സർവീസുകൾ പുനരാരംഭിച്ചു. സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും അതിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുമെന്നും എയർ അറേബ്യ അറിയിച്ചു.
വെടിനിർത്തൽ ധാരണയായെങ്കിലും പാകിസ്താൻ മണിക്കൂറുകൾക്ക് ശേഷം ധാരണ ലംഘിച്ചിരുന്നു. രാത്രി 11 മണിയോടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി അധികൃതർ അറിയിച്ചത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. അതിർത്തി മേഖലകളിലടക്കം സ്ഥിതി ശാന്തമായി തുടരുകയാണ്.