യു.എ.ഇയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്, വരുന്നു അടിമുടി മാറ്റങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങിയേക്കാം…
Planning to Travel to India from UAE? Check the New Passport Fees and Mandatory Health Rules First: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുൻപായി 'എയർ സുവിധ 2.0' ഓൺലൈൻ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം സമർപ്പിക്കണം. മുൻകാല യാത്രാ വിവരങ്ങൾ ആരോഗ്യ വിവരങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും നൽകേണ്ടത്.

പ്രതീകാത്മക ചിത്രം
ദുബായ്: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പാസ്‌പോർട്ട് സേവന നിരക്കുകളിലെ വർധനയിൽ തുടങ്ങി, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയിൽ ഉൾപ്പടെ മാറ്റങ്ങൾ വരുകയാണ്. ഇന്ത്യയിലേക്കുള്ള യാത്രാ നടപടികളിലും മാറ്റങ്ങൾ വരുന്നതോടെ യു,എ.ഇയിലെ മലയാളികൾ ഉൾപ്പടെ ഇന്ത്യക്കാരെ ആകെ ബാധിക്കുന്നതാണ് പുതിയ മാറ്റങ്ങൾ.
പാസ്പോർട്ട് സേവന നിരക്കുകളിൽ ഇനി കൈ പൊള്ളും
പാസ്‌പോർട്ട് സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വർധന വരുത്തി എന്നതാണ് പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. പുതിയ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 36 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവരിൽ നിന്നും ഇന്ത്യയിൽ നേരത്തെ ഈടാക്കിയിരുന്നത് 1,500 രൂപയായിരുന്നു. ഇത് 2,500 രൂപയായി വർധിപ്പിച്ചു. 60 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി മുൽൽ 3,500 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 2,000 രൂപയായിരുന്നു.
തത്കാൽ അപേക്ഷകളിൽ നിരക്ക് 6,000 രൂപ വരെയാകും. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് തത്കാൽ വഴി അപേക്ഷിക്കുമ്പോൾ ഇനിമുതൽ 7,500 രൂപ വരെ ഈടാക്കും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പാസ്പോർട്ട് സേവനങ്ങൾക്ക് യു,എ.ഇയിൽ നൽകേണ്ട സേവന നിരക്കുകൾ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കും.
Also Read: Hormuz Ship Attack: വീണ്ടും പുകയുന്നു; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം
ബി.എൽ.എസിൽ നിന്നും അൽ ഹിന്ദിലേക്ക്
യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റുകളുടെയും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കും. നിലവിൽ ഈ സേവനങ്ങൾ നൽകുന്ന ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ ഏജൻസികൾക്ക് പകരമാണ് അൽ ഹിന്ദ് ചുമതലയിലേക്ക് വരുന്നത്.
മാറ്റത്തിൻ്റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ പതിവ് സേവനങ്ങളിൽ നിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളിൽ സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല. എന്നാൽ ഈ കാലയളവിൽ അടിയന്തരമായി സേവനങ്ങൾ ആവശ്യമുള്ളവർ അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്.
യു.എ.ഇയിലെ 7 എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ആരംഭിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിലും ഷാർജയിലും രണ്ട് വീതവും കേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലും അൽ ഹിന്ദിൻ്റെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആരോഗ്യ വിവരം വെളിപ്പെടുത്തൽ നിർബ്ബന്ധം
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുൻപായി ‘എയർ സുവിധ 2.0’ ഓൺലൈൻ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിച്ചിരിക്കണം എന്നതാണ് സുപ്രധാന മാറ്റങ്ങളിൽ മറ്റൊന്ന്. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം സമർപ്പിക്കണം. മുൻകാല യാത്രാ വിവരങ്ങൾ ആരോഗ്യ വിവരങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും നൽകേണ്ടത്.
English Summary
Indian expats residing in the UAE are facing major updates regarding passport services and travel regulations. Passport renewal fees have seen a significant hike, with a standard 36-page booklet now costing Rs 2,500 and a 60-page booklet costing Rs 3,500, alongside increased rates for Tatkal and lost passport services. Additionally, passengers traveling from the UAE to India must now mandatorily submit the Air Suvidha 2.0 online health declaration form within 24 hours of departure to streamline health screening and reduce immigration delays upon arrival.