Venezuela Earthquake Update: എങ്ങും തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രം! കണ്ണീരണിഞ്ഞ് കാരക്കസ്; വെനസ്വേലയില്‍ മരണസംഖ്യ ഉയരുന്നു
Venezuela Twin Earthquakes: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഭൂചലനങ്ങളില്‍ മരണസംഖ്യ ഉയരുന്നു. 164 പേരുടെ മരണം ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചു. 971 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ. ലാ ഗ്വൈറ സംസ്ഥാനത്തെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്.
കാരക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഭൂചലനങ്ങളില്‍ മരണസംഖ്യ ഉയരുന്നു. 164 പേരുടെ മരണം ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചു. 971 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്. പ്രകമ്പനം മേഖലയിലുടനീളം അനുഭവപ്പെട്ടു.തലസ്ഥാനമായ കാരാക്കസിൽ നിന്നും ഏകദേശം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിന്റെ ആമസോൺ മേഖലകളിൽ വരെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
ലാ ഗ്വൈറ സംസ്ഥാനത്തെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രദേശത്തെ ദുരന്തമേഖലയെന്നാണ് ആക്ടിങ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഇവിടെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൂന്ന് കുട്ടികളെ ജീവനോടെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടങ്ങൾ വരുത്തി. പരിക്കേറ്റവരെ സഹായിക്കാനായി എല്ലാ ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ലാ ഗ്വൈറ ദുരന്തഭൂമി
ലാ ഗ്വൈറയിയില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. ആദ്യം പുറത്തുവന്ന കണക്കുകളില്‍ ലൈ ഗ്വൈറയിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കണക്ക് പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. തീവ്രമായ രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്തിവരികയാണെന്ന് റോഡ്രിഗസ് പറഞ്ഞു.
കാരാക്കസിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങിയിരുന്നു. ഭൂചലനം ആദ്യം പതുക്കെയാണ് തുടങ്ങിയതെന്നും, ക്രമേണ ശക്തി കൂടിവരികയായിരുന്നെന്നും കാരാക്കസ് നിവാസിയായ ഹെക്ടർ റിച്ചി പറഞ്ഞു. ജനങ്ങൾ വീടുകൾക്ക് പുറത്തുതന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ നിര്‍ദ്ദേശിച്ചു.
Also Read: വെനസ്വേലയിൽ ഭൂചലനത്തിൽ വൻ നാശം, സുനാമി മുന്നറിയിപ്പ്; ജപ്പാനിലും ഭൂചലനം
ആളുകൾ മണിക്കൂറുകളോളം തെരുവുകളിൽ കഴിഞ്ഞുകൂടി. ചിലർ തങ്ങളുടെ വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് നിലത്തിരുന്നു. മറ്റു ചിലർ പാർക്ക് ചെയ്ത കാറുകളിലും സബ്‌വേ സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് രാത്രിയില്‍ സമയം ചെലവഴിച്ചത്.
വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നു
പല ഭാഗങ്ങളിലും വൈദ്യുതിയും മൊബൈൽ കവറേജും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. കാരാക്കസിൽ സബ്‌വേ സർവീസുകൾ നിർത്തിവെച്ചു. പ്രകൃതിവാതക വിതരണവും തല്‍ക്കാലത്തേക്ക് നിര്‍ത്തി.
സ്കൂളുകൾക്ക് വരും ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ചില സ്കൂൾ കെട്ടിടങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായും സംഭാവനകൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളായും ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മൊബൈൽ സിഗ്നലുകൾ ഇല്ലാതായത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചു.
7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം കാരാക്കസിന് 170 കിലോമീറ്റർ പടിഞ്ഞാറ് കരീബിയൻ തീരത്തെ മൊറോണിന് പടിഞ്ഞാറാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. പിന്നാലെ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനവും ഉണ്ടായി.
വെനസ്വേലയിലേക്ക് വൈദ്യസഹായങ്ങളും സഹായ സാമഗ്രികളും അടിയന്തിരമായി അയക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇക്വഡോറും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ, മെക്സിക്കോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് റോഡ്രിഗസ് വ്യക്തമാക്കി.
English Summary
Two powerful twin earthquakes struck Venezuela, killing at least 164 people and injuring 971 others. Acting President Delcy Rodriguez declared a national state of emergency as dozens of buildings collapsed. The coastal state of La Guaira was hardest hit and has been declared a disaster zone. Major infrastructure was damaged, and international aid teams are deploying to assist with rescue operations.