Iran Israel Conflict: ആക്രമണത്തിന് അംഗീകാരം പിന്നാലെ പിന്മാറ്റം; ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്ത്?
Iran Israel Conflict Updates: ഇറാനിലെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോയില്‍ യുഎസ് ആക്രമണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസിന് ഭൂഗര്‍ഭ പ്ലാന്റില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കുന്നതിനായി രൂപം നല്‍കിയ പദ്ധതി അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കാമെന്ന് പറഞ്ഞ ട്രംപിന്റെ തീരുമാനത്തിന് പിന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വാധീനമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ട്രംപിന്റെ നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി പറയുന്നത് നെതന്യാഹു ഇറാന് നേരെ നടത്തി കൊണ്ടിരിക്കുന്ന നിരന്തര ആക്രമണങ്ങളാണ്. ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ആക്രമണത്തിന്റെ ആദ്യ നാളില്‍ തന്നെ ഇസ്രായേലിന് കൊലപ്പെടുത്താന്‍ സാധിച്ചത് ട്രംപിന്റെ പ്രശംസ പിടിച്ചുപറ്റാന്‍ നെതന്യാഹുവിനെ സഹായിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇറാനിലെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോയില്‍ യുഎസ് ആക്രമണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസിന് ഭൂഗര്‍ഭ പ്ലാന്റില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതിനിടെ, ഇറാനില്‍ നിന്നുള്ള ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായേല്‍ വ്യോമസേന അറിയിച്ചു. ഇറാനില്‍ നിന്നും വിക്ഷേപിച്ച ആളില്ലാ ആകാശ വാഹനം വ്യോമസേന തടഞ്ഞുവെന്ന് എക്‌സിലൂടെ വ്യക്തമാക്കിയത്. ശത്രുരാജ്യത്തില്‍ നിന്നുള്ള ഡ്രോണുകളെ നേരിടാന്‍ നിര്‍ദേശം നല്‍കിയതായും പോസ്റ്റില്‍ പറയുന്നു.
ഇസ്രായേലിനോട് ആക്രമണം അവസാനിപ്പിക്കാന്‍ യുഎഇയും സൗദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യുഎഇയും സൗദിയും ഉള്‍പ്പെടെയുള്ള 21 രാജ്യങ്ങളാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല ഇറാനെ ആക്രമിക്കുന്നതില്‍ ഇസ്രായേലിന് റഷ്യയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.