Iran War: യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം
Iran Targets UAE Oil Infrastructure Drone Blast Leads to Huge Fire: ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് പരിക്കേറ്റത്. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ആക്രമണം രൂക്ഷമാക്കി ഇറാന്‍. തങ്ങളെ ലക്ഷ്യം വെച്ചെത്തിയ 15 മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തതായി യുഎഇ അറിയിച്ചു. രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും യുഎഇ. എന്നാല്‍ മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് പരിക്കേറ്റത്. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ വീണ്ടും ഡ്രോണുകളും മിസൈലുകളും അയച്ചത്. ഇവയില്‍ ഒരു മിസൈല്‍ കടലില്‍ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ യുഎഇയിലെ താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പുകള്‍ എത്തിയിരുുന്നു. മിസൈല്‍ ഭീഷണി ഉള്ളതിനാല്‍ വീടുകള്‍ക്കുള്ളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും തുടരാനായിരുന്നു അറിയിപ്പ്.
യുഎഇയ്‌ക്കെതിരായി നടത്തുന്ന ആക്രമണങ്ങള്‍ ജിസിസി അംഗരാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.
പ്രൊജക്ട് ഫ്രീഡവുമായി അമേരിക്ക മുന്നോട്ട്
കഴിഞ്ഞ ദിവസമാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ രാജ്യങ്ങളുടെ കപ്പലുകള്‍ മോചിപ്പിക്കാന്‍ പ്രൊജക്ട് ഫ്രീഡം എന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെ വാണിജ്യ ഷിപ്പിങില്‍ ഇടപെടാന്‍ ശ്രമിച്ച ആറ് ഇറാനിയന്‍ ചെറു ബോട്ടുകള്‍ കടലില്‍ മുക്കിയതായി യുഎസ് സൈന്യം അറിയിച്ചു. എന്നാലിത് ഇറാന്‍ നിഷേധിച്ചു.
പ്രൊജക്ട് ഫ്രീഡം നടത്തുന്ന യുഎസ് കപ്പലുകളെ ആക്രമിച്ചാല്‍ ഇറാനെ ഭൂമുഖത്ത് നിന്നുതന്നെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ തുടരുമെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യുന്നത് ഇറാന്റെ നിയമപരമായ അവകാശമാണെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ് അരീഫ് പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ ഇടപെടാനുള്ള യുഎസ് ശ്രമങ്ങള്‍ക്ക് നിര്‍ണായകവും സങ്കീര്‍ണവുമായ പ്രതികരണം ഉണ്ടാകുമെന്ന് ഐആര്‍ജിസിയുടെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ ഓഫീസര്‍ യാദുള്ള ജവാനി മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ ഇന്നത്തെ പ്രശ്‌നം കടലിടുക്ക് തുറക്കുന്നതാണ്. 40 ദിവസത്തെ യുദ്ധത്തിലും അതിന് ശേഷവും ട്രംപ് എല്ലാ വാതിലുകളും മുട്ടി എന്നാല്‍ ഫലമുണ്ടായില്ല. ഇറാനില്‍ സമ്മര്‍ദം ചെലുത്തി ജലപാത തുറക്കാന്‍ നോക്കുകയാണി ഇപ്പോള്‍ ട്രംപ്. അതിനര്‍ഥം അമേരിക്ക ഇനി ഒരു സൂപ്പര്‍ പവര്‍ അല്ലെന്നാണ്. അത് ഒരു സൂപ്പര്‍ പവറിനെ നേരിട്ടു എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാനുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി സംസാരിച്ചു. അമേരിക്കയും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.
English Summary
A missile and drone attack linked to Iran has reportedly struck a UAE oil facility, triggering a massive explosion and fire. The incident has raised concerns over escalating tensions in the Middle East and potential impacts on global oil supply.