Iran Attacks Israel: തിരിച്ചടിക്കാന്‍ നില്‍ക്കരുത്, ഉണ്ടാകാന്‍ പോകുന്നത് വലിയ പ്രത്യാഘാതം; ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
Iran Ballistic Missile Attack: ഇസ്രായേലിന്റെ പ്രധാന സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് തങ്ങള്‍ ലക്ഷ്യമിട്ടത്. ഈ ആക്രമണത്തിനെ എതിരെ പ്രവര്‍ത്തിക്കാനാണ് ഉദ്ദശമെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടതായി വരും.
ടെഹ്‌റാന്‍: ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രായേലില്‍ ആക്രമണം (Iran Attacks Israel) നടത്തിയത് തങ്ങളാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്മയില്‍ ഹനിയ, ഹസന്‍ നസ്‌റല്ല ഐആര്‍ജിസി കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറുഷന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആര്‍ജിസി വ്യക്തമാക്കി.
ഇസ്രായേലിന്റെ പ്രധാന സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് തങ്ങള്‍ ലക്ഷ്യമിട്ടത്. ഈ ആക്രമണത്തിനെ എതിരെ പ്രവര്‍ത്തിക്കാനാണ് ഉദ്ദശമെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടതായി വരും.
ഇസ്രായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ ജനങ്ങളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായി എക്‌സ് പോസ്റ്റിലൂടെയാണ് ഐഡിഎഫ് അറിയിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഐഡിഎഫ് അറിയിച്ചു. ഹോം ഫ്രണ്ട് കമാന്‍ഡര്‍മാര്‍ ചില പ്രദേശങ്ങളിലുള്ള ആളുകളുടെ മൊബൈല്‍ ഫോണിലേക്ക് നിര്‍ദേശങ്ങള്‍ അയച്ചു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതിനെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തൊട്ടടുത്തുള്ള ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് എല്ലാവരും മാറണം. സൈറണ്‍ കേള്‍ക്കുമ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് എത്തി മറ്റ് നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും ഐഡിഎഫ് നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വേണ്ടിവന്നാല്‍ ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ തയറായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇന്ത്യ, ഇസ്രായേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രായേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇസ്രായേലിലുള്ള എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേല്‍ അധികൃതരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നതായും എംബസി അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ എംബസിയുടെ 24 x 7 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. +972-547520711, +972-543278392, ഇമെയില്‍: cons1.telaviv@mea.gov.in എന്നിവയിലേക്കാണ് ബന്ധപ്പെടേണ്ടത്.
അതേസമയം, ഇസ്രായേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ പ്രത്യാഘാതങ്ങളായിരിക്കും ഇത് സൃഷ്ടിക്കുകയെന്നും അമേരിക്ക വ്യക്തമാക്കയിരുന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അമേരിക്ക പിന്തുണ നല്‍കുമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.