Israel Strikes Iran: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഐആർജിസി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; പ്രധാനമന്ത്രി നെതന്യാഹു
Israel Strikes On Iran: വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടികയാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടത്.
ടെൽഅവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു.
മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഈക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയിൽ പ്രവർത്തിച്ചവരടക്കമുള്ള ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടികയാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടത്.
അതേസമയം ഇറാൻ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. അതിനിടെ ഞായറാഴ്ച, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. 200-ലേറെപ്പേർക്കാണ് പരിക്കേറ്റത്. ഇറാനിലെ എണ്ണസംഭരണശാലകൾ, സൈനിക-ആണവകേന്ദ്രങ്ങൾ എന്നിവിടങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വർഷിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 128 പേർ കൊല്ലപ്പെട്ടതായും 900 പേർക്ക് പരിക്കേറ്റതായും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഗൾഫ് മേഖലയിലേക്ക് കൂടി സംഘർഷം വ്യാപിപ്പിക്കുന്നതിന് കാരണമാകുമെന്ന് ടെഹ്‌റാനിൽ ചേർന്ന വാർത്താസമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ അവസാനിച്ചാൽ തങ്ങളുടെ പ്രതികാരവും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.