Israeli forces withdraw from Gaza Corridor: വെടിനിർത്തൽ കരാർ; ഗാസയിലെ തന്ത്രപ്രധാന മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിച്ച് തുടങ്ങി
Israeli Forces Begin Withdrawal from Key Gaza Corridor: സംഘർഷം നടന്നിരുന്ന കാലത്ത് നെറ്റ്സാറിം കോറിഡോർ ആയിരുന്നു ഇസ്രായേൽ സൈന്യം താവളമാക്കിയിരുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇത് വഴി കടന്നുപോകാൻ ഇസ്രായേൽ സൈന്യം പലസ്തീനികളെ അനുവദിച്ചിരുന്നു.

മുഗ്‌റഖ: ഹമാസുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിലെ തന്ത്രപ്രധാന മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ച് ഇസ്രായേൽ. ഞായറാഴ്ച ഗാസയിലെ നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു തുടങ്ങിയെന്ന് ഇസ്രായേൽ അറിയിച്ചു. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറ് കിലോമീറ്റർ വരുന്ന നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാണ് കരാറിലൂടെ ധാരണയിൽ എത്തിയിരുന്നത്.
വടക്കൻ തെക്കൻ ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രദേശമാണ് നെറ്റ്സാറിം കോറിഡോർ. സംഘർഷം നടന്നിരുന്ന കാലത്ത് ഇവിടെ ആയിരുന്നു ഇസ്രായേൽ സൈന്യം താവളമാക്കിയിരുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ നെറ്റ്സാറിം കോറിഡോർ വഴി കടന്നുപോകാൻ പലസ്തീനികളെ ഇസ്രായേൽ സൈന്യം അനുവദിച്ചിരുന്നു. അതോടെ ആയിരക്കണക്കിന് ആളുകളാണ് യുദ്ധബാധിത മേഖലയായ വടക്കൻ ഗാസയിലേക്ക് കാൽനടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. പരിശോധനകൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇവരെ കടത്തി വിടുന്നത്.
ALSO READ: ഹാരി രാജകുമാരനെ നാടുകടത്തില്ല; അദ്ദേഹത്തിന് ഭാര്യയുമായി തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് ട്രംപ്
നെറ്റ്സാറിം കോറിഡോറിൽ നിന്ന് എത്ര സൈനികരെ പിൻവലിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ പ്രദേശത്ത് നിന്നും സൈന്യത്തെ പിൻവലിക്കുന്നുണ്ടെങ്കിലും ഇസ്രായേലുമായും ഈജിപ്തുമായുമുള്ള ഗാസയിലെ അതിർത്തി മേഖലയിൽ ഇപ്പോഴും ഇസ്രായേൽ സൈന്യം തുടരുന്നുണ്ട്. അതേസമയം, വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ഹമാസിന്റെ തടവിലുള്ള കൂടുതൽ ഇസ്രായേലി ബന്ദികളെ വിട്ടുകിട്ടുക രണ്ടാം ഘട്ടത്തിലാണ്. ഇത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി നൂറുകണക്കിന് പലസ്തീൻ തടവുകാരെ ഇതിനകം ഇസ്രായേൽ മോചിപ്പിച്ചു കഴിഞ്ഞു. കൂടാതെ, ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ഇതിന് പകരമായി ഇസ്രായേലി ബന്ദികളെ ഹമാസും മോചിപ്പിച്ച് വരികയാണ്. ഗാസയിൽ നിന്നും പൂർണമായി സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഭാവിയിൽ നടന്നേക്കും.