Palestine Action Ban: പലസ്തീൻ ആക്ഷന് ബ്രിട്ടണിൽ നിരോധനം; ലണ്ടനിൽ കടുത്ത പ്രതിഷേധം,466 പേർ പിടിയിൽ
Palestine Action Ban In UK: പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ്റെ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്‌സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷൻ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചത്.

Palestine Action Protesters
ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്’ നിരോധനം ഏർപ്പെടുത്തി ബ്രിട്ടൺ. നിരോധനത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇന്നലെ സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും അതിൽ അഞ്ചുപേർ പോലീസിനെ ആക്രമിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മാസം യുകെ സർക്കാർ “ഭീകര സംഘടന” എന്ന് മുദ്രകുത്തിയ ശേഷമാണ് പലസ്തീൻ ആക്ഷന് നിരോധനം ഏർപ്പെടുത്തിയത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പലസ്തീൻ ആക്ഷൻ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരിക്കുന്നത്
പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ്റെ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്‌സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷൻ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചത്. ഇതിനെതിരെയാണ് ശനിയാഴ്ച നഗരത്തിൽ വലിയ പ്രതിഷേധം അരങ്ങേറിയത്.
കറുത്തവസ്ത്രം ധരിച്ച് പലസ്തീൻ പതാകകളുയർത്തിയാണ് പ്രതിഷേധക്കാർ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെത്തി സംഘർഷം സാഹചര്യം സൃഷ്ടിച്ചത്. പലസ്തീൻ ആക്ഷന് പിന്തുണ പ്രഖ്യാപിച്ചുള്ളു മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും അക്രമണമുണ്ടായി.
പ്രതിഷേധ പ്രകടനക്കാരെ അറസ്റ്റ് ചെയ്തതിനെ ആംനസ്റ്റി ഇന്റർനാഷണൽ യുകെ വിമർശിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ സമ്മേളനവും സംരക്ഷിക്കാനുള്ള കടമകളുടെ ലംഘനമാണിതെന്നും ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ബ്രിട്ടണിലെ 2000ത്തിലെ ഭീകരവാദ നിയമപ്രകാരം, ഇത്തരം ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.