Donald Trump: ‘ട്രംപ് സ്വയം നശിപ്പിക്കുന്നു’; താരിഫ് പോരില്‍ വിമര്‍ശനവുമായി യുഎസ് സാമ്പത്തിക വിദഗ്ധന്‍
Steve Hanke slams Donald Trump over tariff policy: നരേന്ദ്ര മോദിയും എസ് ജയശങ്കറും അവരുടെ കാർഡുകൾ നെഞ്ചോട് ചേർത്തുപിടിച്ച് കുറച്ചുനേരം കാത്തിരിക്കണം. കാരണം, ട്രംപിന്റെ കാര്‍ഡുകള്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്നാണ് താന്‍ കരുതുന്നതെന്നും സ്റ്റീവ് ഹാങ്കെ
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്കെതിരെ വ്യാപാര യുദ്ധം ആരംഭിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് യുഎസ് സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെ പറഞ്ഞു. ട്രംപിന്റെ താരിഫ് തീരുമാനം അസംബന്ധമാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക രീതി തെറ്റാണെന്നും സ്റ്റീവ് ഹാങ്കെ വിമര്‍ശിച്ചു. എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹാങ്കെയുടെ പ്രതികരണം.
”നെപ്പോളിയന്റെ ഉപദേശം പാലിക്കുക എന്നതാണ് പ്രധാന കാര്യം. ഒരാള്‍ സ്വയം നശിപ്പിക്കുമ്പോള്‍ ശത്രു അതില്‍ ഒരിക്കലും ഇടപെടരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് ഞാൻ കരുതുന്നു”-സ്റ്റീവ് ഹാങ്കെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവരുടെ കാർഡുകൾ നെഞ്ചോട് ചേർത്തുപിടിച്ച് കുറച്ചുനേരം കാത്തിരിക്കണം. കാരണം, ട്രംപിന്റെ കാര്‍ഡുകള്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.




യുഎസിൽ വലിയ വ്യാപാര കമ്മിയുണ്ട്. ട്രംപിന്റെ താരിഫ് സാമ്പത്തിക ശാസ്ത്രം തീർത്തും അസംബന്ധമാണെന്നും സ്റ്റീവ് ഹാങ്കെ അഭിപ്രായപ്പെട്ടു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയത്. താരിഫുകളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.