Muhammed Khalid Jamali: മുഴുവന്‍ ആയുധശേഖരവും ഉപയോഗിച്ച് തിരിച്ചടിക്കും; പാക്ക് നയതന്ത്രജ്ഞന്‍
Pakistan Threatens India: റഷ്യന്‍ ബ്രോഡ്കാസ്റ്റര്‍ ആര്‍ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജമാലി ഇക്കാര്യം പറഞ്ഞത്. പാകിസ്താനില്‍ ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടായാല്‍ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും തയറാണെന്നും ജമാലി പറയുന്നു.
മോസ്‌കോ: ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യയിലെ പാക്ക് നയതന്ത്രജ്ഞന്‍ മുഹമ്മദ് ഖാലിദ് ജമാലി. തങ്ങളുടെ മുഴുവന്‍ സൈനിക, ആയുധ ശേഖരവും ഉപയോഗിച്ചുകൊണ്ടാകും തിരിച്ചടിയെന്നും ജമാലി പറഞ്ഞു.
റഷ്യന്‍ ബ്രോഡ്കാസ്റ്റര്‍ ആര്‍ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജമാലി ഇക്കാര്യം പറഞ്ഞത്. പാകിസ്താനില്‍ ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടായാല്‍ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും തയറാണെന്നും ജമാലി പറയുന്നു.
”പാകിസ്താന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അത് നേരിടാന്‍ പാകിസ്താന്‍ തയാറാണ്. ഇന്ത്യയ്‌ക്കെതിരെ ഞങ്ങള്‍ പരമ്പരാഗതവും ആണവപരവുമായ മുഴുവന്‍ ശക്തിയും ഉപയോഗിക്കും,” ജമാലി പറഞ്ഞു.




നദിയില്‍ നിന്നുള്ള വെള്ളം തടയാനോ കൈയ്യടക്കാനോ ഉള്ള ഏതൊരു ശ്രമവും പാകിസ്താനെതിരെയുള്ള യുദ്ധ നടപടിയായി വിലയിരുത്തും. ഇതിനെതിരെയെല്ലാം ശക്തമായ നടപടിയുണ്ടാകുമെന്ന് പറഞ്ഞ ജമാലി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അഭിമുഖത്തില്‍ വിമര്‍ശനം അഴിച്ചുവിട്ടു. ഇന്ത്യയിലെ മാധ്യമങ്ങളും നിരുത്തരപരമായ പ്രസ്താവനകളുമാണ് തങ്ങളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു പരാമര്‍ശം.
അതേസമയം, കരാര്‍ ലംഘിച്ച് സിന്ധു നദിയില്‍ ഇന്ത്യ നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും തങ്ങള്‍ തകര്‍ക്കുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പീരങ്കികളോ വെടിയുണ്ടകളോ പ്രയോഗിക്കുക മാത്രമല്ല ആക്രമണം. അതിന് നിരവധി മുഖങ്ങളുണ്ട്. ആ മുഖങ്ങളിലൊന്നാണ് വെള്ളം തടയുന്നത്. ഇത് മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്ങുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ കരസേന, നാവികസേന മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന് തിരിച്ചടി നല്‍കുന്നതില്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി.