5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sunita Williams: സുനിതാ വില്യംസ് ഇന്ത്യയിലെത്താൻ 2025 വരെ കാത്തിരിക്കണം; അപകടസാധ്യത എത്രത്തോളം? നാസ പറയുന്നത് ഇങ്ങനെ

Sunita Williams Return: അടുത്ത വർഷം ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ പറയുന്നു. ബോയിങിന്റെ സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലെങ്കിൽ നാസയ്ക്ക് ഇലോൺ മസ്കിൻറെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ കാപ്‌സ്യൂൾ ആശ്രയിക്കേണ്ടിവരുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Sunita Williams: സുനിതാ വില്യംസ് ഇന്ത്യയിലെത്താൻ 2025 വരെ കാത്തിരിക്കണം; അപകടസാധ്യത എത്രത്തോളം? നാസ പറയുന്നത് ഇങ്ങനെ
Sunita Williams And Butch Wilmore (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 25 Aug 2024 07:34 AM

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ വംശജയായ സുനിതാ വില്യംസും (Sunita Williams) സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ (NASA). എന്നാൽ അപകടസാധ്യത വളരെ കൂടുതലാണെന്നാണ് നാസ വ്യക്തമാക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ പറയുന്നു. ബോയിങിന്റെ സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലെങ്കിൽ നാസയ്ക്ക് ഇലോൺ മസ്കിൻറെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ കാപ്‌സ്യൂൾ ആശ്രയിക്കേണ്ടിവരുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനായി 2025 ഫെബ്രുവരി വരെ ഇരുവർക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ നിലവിലെ തീരുമാനം. സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതു കൊണ്ടാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഈ വർഷം ജൂൺ ആറിനാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.

ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽ നിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂവെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്.

ALSO READ: സുനിത വില്യംസിന് കാഴ്ച മങ്ങുന്നു? ബഹിരാകാശ നിലയത്തിൽ കുടുങ്ങിയവരുടെ തിരച്ചുവരവ് ഇനിയും വൈകും

ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിൻ്റെ കാഴ്ചയ്ക്ക് പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗുരത്വാകർഷണ ബലമില്ലാതെ ഭാരമില്ലായ്മയിൽ ദീർഘനാൾ നിൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാർ സിൻഡ്രോം (സാൻസ്) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്‌നം കാഴ്ച പ്രശ്‌നങ്ങളിലേക്കും നയിക്കുമ്പോഴാണ് ഇത്തരത്തിൽ കാഴ്ച്ച മങ്ങുന്ന അവസ്ഥയിലേക്ക് മാറുന്നത്.

കൂടാതെ കണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാക്കിയേക്കാം. സുനിത വില്യംസിന്റെ കണ്ണിന്റെ ആരോഗ്യം പരിശോധിക്കുന്നതിനായി റെറ്റിന, കോർണിയ, ലെൻസ് എന്നിവയുടെ സ്‌കാനുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ബഹിരാശ സഞ്ചാരികളിൽ സാധാരണമാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാർലൈനർ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നിരീക്ഷിക്കാനായിരുന്നു നാസയുമായി ചേർന്നുള്ള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നൽകിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നായിരുന്നു. ലോകമെമ്പാടുമുള്ള വിമാനങ്ങൾ, റോട്ടർക്രാഫ്റ്റുകൾ, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന അമേരിക്കൻ ആസ്ഥാനമായ ബഹുരാഷ്ട്ര കോർപറേഷനാണ് ബോയിങ് കമ്പനി. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറുകയായിരുന്നു.

ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും ഇതിനുണ്ട്. 2006 ഡിസംബർ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രയ്ക്ക് ഒരുങ്ങിയത്. തുടർന്ന് 2012ൽ അവർ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവർ ബഹിരാകാശത്ത് 322 ദിവസം ഇതുവരെ ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂർ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോർഡും സുനിതക്ക് സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനിൽ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറിതാമസിച്ച വ്യക്തിയാണ്.

 

Latest News