NASA Layoff: ട്രംപിന്റെ ചെലവ് ചുരുക്കൽ പദ്ധതി നാസയിലേക്കും; കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു
NASA to Fire 20 Percent of Staff: പിരിച്ചുവിടലിന് ശേഷം ജീവനക്കാരുടെ കുറവ് കാരണം സുരക്ഷാ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നാസ ശ്രദ്ധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൈനയെക്കാൾ മുമ്പ് ചന്ദ്രനിൽ എത്താനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ചെലവ് ചുരുക്കൽ പദ്ധതി നാസയിലേക്കും. ഫെഡറൽ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഇതോടെ നാസയിൽ നിന്നും ഏകദേശം 3,900 ജീവനക്കാരാണ് കുറയുന്നത്. ഇത് നാസയുടെ മൊത്തം ജീവനക്കാരുടെ 20 ശതമാനത്തോളം വരും.
ഡിഫേർഡ് റെസിഗ്നേഷൻ പ്രോഗ്രാമിൽ ഏകദേശം 3,000 ജീവനക്കാർ പങ്കെടുത്തതായി നാസ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ പ്രോഗ്രാം ജീവനക്കാർക്ക് സ്വമേധയാ ജോലിയിൽ നിന്ന് ഒഴിവാകാനുള്ള അവസരം നൽകുന്നു. ഇതിലൂടെ ജീവനക്കാർക്ക് രാജിവെക്കാനുള്ള തീയതി സ്വമേധയാ തീരുമാനിക്കാവുന്നതാണ്. അതായത് അടുത്ത വർഷം രാജി വെക്കാൻ ഉദ്ദേശിക്കുന്നയാൾക്ക് ഇപ്പോൾ തന്നെ ലീവിൽ പ്രവേശിക്കാമെന്ന് മാത്രമല്ല അത്രയും കാലയളവിലെ ശമ്പളം ലഭിച്ചു കൊണ്ടിരിക്കും. കൂടാതെ ആരോഗ്യ സംരക്ഷണം, വിരമിക്കൽ സേവന ക്രെഡിറ്റ് ഉൾപ്പടെയുള്ള മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.
അതേസമയം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള നാസയുടെ പദ്ധതികൾക്ക് ട്രംപ് മുൻഗണന നൽകുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നു. പിരിച്ചുവിടലിന് ശേഷം ജീവനക്കാരുടെ കുറവ് കാരണം സുരക്ഷാ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നാസ ശ്രദ്ധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ചൈനയെക്കാൾ മുമ്പ് ചന്ദ്രനിൽ എത്താനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.
ജനുവരിയിൽ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് 18,000ലധികം ജീവനക്കാരാണ് നാസയിൽ ഉണ്ടായിരുന്നത്. എന്നാൽ, പുതിയ ചെലവ് ചുരുക്കൽ പദ്ധതി നടപ്പാകുന്നതോടെ ഇത് 14,000 ആയി കുറയും. 20 ശതമാനത്തോളം ജീവനക്കാരുടെ കുറവാണ് നാസയിൽ വരുന്നത്. അടുത്ത ദിവസങ്ങളിലായി ഈ കണക്കുകളിൽ ചെറിയ തോതിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും നാസയുടെ വക്താവ് അറിയിച്ചു.
ALSO READ: മുഴുപട്ടിണിയിൽ ഗാസ; സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തതായി ഇസ്രായേൽ, രൂക്ഷ വിമർശനം
ട്രംപിന്റെ പുതിയ നയത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. പരിചയ സമ്പന്നരായ ആളുകൾ രാജി വെച്ച് പോകുന്നത് നാസയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് അവരുടെ വാദം. നാസയുടെ ബഹിരാകാശ ശാസ്ത്രം, മനുഷ്യ ബഹിരാകാശ യാത്ര, എഞ്ചിനീയറിംഗ് എന്നീ സുപ്രധാന മേഖലകളിൽ നിന്ന് ഒട്ടേറെ പേർ രാജി വെക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്ന് 607 ജീവനക്കാരെയും, ജോൺസൺ സ്പേസ് സെന്ററിൽ നിന്ന് 366 പേരെയും, കെന്നഡി സ്പേസ് സെന്ററിൽ നിന്ന് 311 പേരെയും നാസയ്ക്ക് നഷ്ടമാകും.