AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nepal Gen Z Protest: ഫെയ്സ്ബുക്ക് നിരോധനം കത്തിച്ച ‘ജെൻ സി വിപ്ലവം’; പിന്നാലെ ഹിന്ദുരാഷ്ട്രത്തിന് മുറവിളി, നേപ്പാളിൽ സംഭവിക്കുന്നത് എന്ത്?

Nepal Gen Z Protest Explained: ജെൻ സി വിപ്ലവം രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.

Nepal Gen Z Protest: ഫെയ്സ്ബുക്ക് നിരോധനം കത്തിച്ച ‘ജെൻ സി വിപ്ലവം’; പിന്നാലെ ഹിന്ദുരാഷ്ട്രത്തിന് മുറവിളി, നേപ്പാളിൽ സംഭവിക്കുന്നത് എന്ത്?
Nepal ProtestImage Credit source: PTI
nithya
Nithya Vinu | Updated On: 11 Sep 2025 13:05 PM

നേപ്പാളിലെ ജെൻ സി വിപ്ലവം ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ നിരോധനത്തിന് പിന്നാലെ യുവതീയുവാക്കൾ തെരുവിലിറങ്ങിയപ്പോൾ രാജിവച്ചത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, ആഭ്യന്തരമന്ത്രി രമേഷ് ലേഖക് എന്നിവരുടെ രാജിക്ക് കാരണമെന്ത്? നേപ്പാളിൽ സംഭവിക്കുന്നത് എന്ത്? പരിശോധിക്കാം….

സാമൂഹിക മാധ്യമങ്ങളുടെ നിരോധനം

സെപ്റ്റംബ‍ർ 4ന് ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്സ് ഉൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രക്ഷോഭങ്ങൾക്ക് കാരണമായത്. വ്യാജ ഐഡികൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്നും, തട്ടിപ്പ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ‌ സോഷ്യൽ മീഡിയകൾ നിരോധിച്ചത്.

സോഷ്യല്‍ മീഡിയയിലെ സുതരാത്യയുമായി ബന്ധപ്പെട്ട് നേപ്പാള്‍ സർക്കാർ നേരത്തെ ഒരു ബില്‍ പാസാക്കിയിരുന്നു. ബിൽ പ്രകാരം, പ്ലാറ്റ്ഫോമുകൾ രാജ്യത്ത് ഒരു ലെയ്സൺ ഓഫീസോ പ്രതിനിധിയോ നിയമിക്കേണ്ടതുണ്ട്. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സസ്‌പെൻഷൻ നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തിയില്ല. പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.

ALSO READ: ജെന്‍ സി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദു, ആരാണ് സുഡാന്‍ ഗുരുങ്?

പ്രതിഷേധക്കാർ പറയുന്നത്….

സർക്കാരിന്റെ ഈ നീക്കം വിമർശകരെ നോട്ടമിടാനുമുള്ള ഒരു ഉപകരണമായി മാറുമെന്നും അടിസ്ഥാന അവകാശങ്ങൾക്ക് ഭീഷണിയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധമാണ് യഥാര്‍ഥ കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ നിരോധനം, നിത്യ ജീവിതത്തെയും ടൂറിസത്തെയും വ്യവസായത്തെയും ജനങ്ങളുടെ സ്വാതന്ത്രത്തെയുമെല്ലാം സാരമായി ബാധിക്കും.

സര്‍ക്കാരിന് അനുകൂലമല്ലാത്ത, യാതൊന്നും ജനങ്ങള്‍ അറിയാതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. രാഷ്ട്രീയനേതാക്കളുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചുകൊണ്ട് നെപ്പോകിഡ്സ് ഹാഷ്ടാഗില്‍ പ്രചരിച്ച പോസ്റ്റുകളും സർക്കാരിനെ പ്രകോപിപ്പിച്ചെന്ന് സമരക്കാർ പറയുന്നു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ സെൻസർ ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ ശിക്ഷിക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ജെൻ സി വിപ്ലവം

സോഷ്യൽ മീഡിയയോടുള്ള ഭ്രമമല്ല, മറിച്ച് അഴിമതി ഭരണകൂടത്തോടുള്ള രോഷമാണ് യുവതീയുവാക്കളെ തെരുവിലിറക്കിയത്. പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും പറയുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രക്ഷോഭം വളരെ വേഗം തന്നെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചു.

സർക്കാർ നിർദേശത്തിന് പിന്നാലെ  ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവയുൾപ്പെടെ ഏതാനും സാമൂഹികമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെയാണ് പ്രതിഷേധത്തിന്റെ വിവരങ്ങൾ പ്രചരിപ്പിച്ചതും ആളെ കൂട്ടിയതും. എന്നാൽ പ്രതിഷേധം വഷളായതോടെ സർക്കാർ തലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചു. അക്രമസംഭവങ്ങളിൽ 19 പേരാണ് മരിച്ചത്. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ വിലക്ക് നീക്കിയെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. ഒടുവിൽ ആഭ്യന്തരമന്ത്രി രമേഷ് ലേഖക്, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി എന്നിവർ രാജി വച്ചു.

ALSO READ: ജെൻസികളുടെ ആവശ്യം പരിഗണിച്ച് സൈന്യം, മുൻ ചീഫ് ജസ്റ്റിസ് നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയാകും

ജനാധിപത്യത്തിൽ നിന്ന് രാജഭരണത്തിലേക്ക്

ജെൻ സി വിപ്ലവത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രതിഷേധവും ഈ വർഷം മാർച്ചിൽ നേപ്പാളിൽ നടന്നിരുന്നു. ജനാധിപത്യത്തിൽ നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രക്ഷോഭമായിരുന്നു അത്. രാജ്യത്തെ രക്ഷിക്കാൻ മുൻരാജാവ് ഗ്യാനേന്ദ്ര ഷാ വരട്ടെ, അഴിമതി നിറഞ്ഞ സർക്കാർ തുലയട്ടെ എന്നീ മുദ്രാവാക്യങ്ങളുമായി മാർച്ച് 28ന് തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധം അരങ്ങേറി. സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടാവുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർ‌ക്ക് പരിക്കേറ്റു, നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.

രാജഭരണത്തിന്റെ അന്ത്യം

2001 ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരത്തെ രാജകുടുംബത്തിന്റെ പതിവ് അത്താഴ വിരുന്ന് നേപ്പാളിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദുരന്തമാണ്. കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് നേപ്പാൾ ജനാധിപത്യത്തിലേക്ക് ചുവടുവെച്ചത്.

ജെൻ സിയെ പ്രകോപിപ്പിച്ചത്

ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന് ശേഷം നേപ്പാളിൽ അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ തുടർച്ചയായി അധികാരത്തിലെത്തുകയും പുറത്തു പോകുകയും ചെയ്യുന്നതിൽ യുവാക്കൾ നിരാശരാക്കിയിരുന്നു. സമൂഹത്തിൽ പ്രശസ്തിയിലേക്ക് വന്ന യുവ നേതാക്കളുടെ ജനകീയതയ്ക്ക് പിന്നിൽ സാമൂഹികമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച മുൻ റാപ്പറും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ, മുൻ ടിവി അവതാരകനും മുൻ ഉപപ്രധാനമന്ത്രിയുമായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി ധാവി റാബി ലാമിച്ചനെ തുടങ്ങിയവർ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങൾ സർക്കാർ നിരോധിക്കുന്നത് യുവാക്കൾക്കിടയിൽ സംശയങ്ങൾ ജനിപ്പിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റൊരു കാരണമാണ്. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി 4.9 ശതമാനം വളർന്നു. കഴിഞ്ഞ വർഷത്തിലെ ആദ്യ പകുതിയിൽ ഇത് 4.3 ശതമാനമായിരുന്നു. പക്ഷേ, രാജ്യത്ത് തൊഴിൽ അവസരങ്ങൾ കുറഞ്ഞു. യുവാക്കളിൽ പലരും തൊഴിൽ തേടി വിദേശത്തേക്ക് ചേക്കേറുന്ന സാഹചര്യം. കൂടാതെ ഒലി, പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, അഞ്ച് തവണ പ്രധാനമന്ത്രിയായ ഷേർ ബഹാദൂർ ദ്യൂബ എന്നിവർക്കിടയിൽ മാത്രം അധികാരം ഒതുങ്ങുന്ന സാഹചര്യം എല്ലാം യുവാക്കളുടെ രോഷത്തിന് കാരണമായി.

ഇനിയെന്ത്?

പ്രതിഷേധവുമായി തെരുവിലിറങ്ങിയ യുവാക്കൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായി വലിയതോതിൽ ബന്ധമില്ലാത്തവരാണ്. ഈ പ്രക്ഷോഭം രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ഒരുപക്ഷേ, ബംഗ്ലദേശിൽ കണ്ടതുപോലെ ഒരു ഭരണമാറ്റത്തിലേക്കടക്കം നേപ്പാൾ പോകാൻ ഇടയുണ്ട്.