Viral Video: ന്യൂസ് റൂമിൽ ലൈവിനിടെ മുഖത്തേക്ക് പറന്നുവന്ന ഈച്ചയെ വിഴുങ്ങി അവതാരിക; വീഡിയോ വൈറൽ
News Anchor Fly video: ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ബെലാറസിലെ നെക്സ്റ്റ എന്ന മാധ്യമമാണ് ഈ വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്.
വാർത്താവതരണം തികച്ചും കഠിനമായ ഒരു ജോലിയാണ്. പ്രത്യേകിച്ച് തത്സമയ സംപ്രേക്ഷണമാണെങ്കിൽ. ഇത്തരത്തിൽ തത്സമയ വാർത്താവതരണത്തിനിടെയുണ്ടായ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തത്സമയ വാർത്താവതരണത്തിനിടെ മുഖത്തേക്ക് പറന്നുവന്ന ഈച്ചയെ അവതാരക വിഴുങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഈച്ചയോ വിഴിങ്ങിയ ശേഷവും യാതൊരു ഭാവഭേദവുമില്ലാതെയാണ് അവർ വാർത്ത വായന തുടരുന്നതും.
ബെലാറസിലെ നെക്സ്റ്റ എന്ന മാധ്യമമാണ് ഈ വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്. ബോസ്റ്റൺ 25 ന്യൂസിൽ ജോലി ചെയ്യുന്ന വനേസ വെൽച്ച് എന്ന അവതാരകയാണ് ലൈവിനിടെ ഇങ്ങനൊരു സാഹസം നടത്തിയത്.
On Boston25, the news anchor demonstrated true journalistic professionalism: she swallowed a fly and continued to broadcast asnothing had happened. pic.twitter.com/v9Chc1R8QI
— NEXTA (@nexta_tv) May 28, 2024
ഈച്ച ആദ്യം വനേസയുടെ കണ്ണിലേക്ക് പറന്നിരിക്കുകയായിരുന്നു. ഇതിന് ശേഷം വനേസയുടെ വായിലേക്ക് പറക്കുകയും ചെയ്തു. എന്നാൽ വാർത്ത വായനയിൽ തടസങ്ങൾ നേരിടാതിരിക്കാൻ ഇവർ ഈച്ചയെ വിഴുങ്ങുകയായിരുന്നു. വീഡിയോയ്ക്ക് നിരവധി കമൻ്റുകളാണ് വന്നത്.
’’ പ്രൊഫഷണലിസത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയിൽ കാണുന്നത്. വായിലേക്ക് പറന്നുവന്ന ഈച്ചയെ വിഴുങ്ങി ഒന്നും സംഭവിക്കാത്തതുപോലെ വാർത്താ വായന തുടരുകയായിരുന്നു ഈ അവതാരക,’’ എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. മെയ് 29നാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സംയമനം പാലിച്ച് വാർത്താ വായന തുടർന്ന അവതാരകയെ പുകഴ്ത്തിയാണ് കമൻ്റുകൾ വന്നത്.
എന്നാൽ ഈ പ്രവർത്തി അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ’’ പ്രൊഫഷണൽ തന്നെ. ഒരു പ്രതികരണവും ഭയവും അവർ പ്രകടിപ്പിച്ചില്ല. മറ്റുള്ളവർക്ക് ഇതുപോലെ ചെയ്യാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. അവതാരകയുടെ എക്കാലവും ഓർമ്മിക്കപ്പെടുന്ന നിമിഷമായിരിക്കും ഇത്,’’ ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു.
എന്നാൽ എന്ത് വില കൊടുത്തും പരിപാടി ഗംഭീരമാക്കണമെന്ന നിലപാട് പ്രൊഫഷണലിസമല്ലെന്നും ചിലർ കമന്റ് ചെയ്തു. ’’ പാവം സ്ത്രീ. ഇതാണ് ഈ പ്രൊഫഷന്റെ നീതിശാസ്ത്രം. നല്ലതും ചീത്തയും ഒത്തുച്ചേർന്നിരിക്കുന്നു,’’ മറ്റൊരാൾ കമന്റ് ചെയ്തു.
ഇതാദ്യമായല്ല ഇത്തരത്തിൽ ലൈവിനിടെ വാർത്തവതാരക ഈച്ചയെ വിഴുങ്ങുന്ന വീഡിയോ വൈറലാകുന്നത്. 2022ലും സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കാനഡയിലെ ഗ്ലോബൽ ന്യൂസ് അവതാരക ഫറ നാസർ ആണ് ലൈവിനിടെ വായിലേക്ക് പറന്നുവന്ന ഈച്ചയെ വിഴുങ്ങിയശേഷം വാർത്താവായന തുടർന്നത്.
പാകിസ്ഥാനിലെ പ്രളയവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് വായനയ്ക്കിടെയായിരുന്നു ഫറയുടെ സാഹസം. അപ്പോഴാണ് വായിലേക്ക് ഒരു ഈച്ച പാറിവന്നത്. ഒരു നിമിഷം വായന നിർത്തി ഈച്ചയെ വിഴുങ്ങിയ ശേഷം ഫറ വാർത്ത വായന തുടരുകയായിരുന്നു.