Mauritius: മൗറിഷ്യസിന്റെ ദേശീയ ദിനാഘോഷം; മുഖ്യാതിഥിയായി നരേന്ദ്ര മോദി
Narendra Modi In Mauritius: ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ മോദി സന്ദര്‍ശിച്ചിരുന്നു. മൗറിഷ്യസിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20 ലധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ക്രെഡിറ്റ് ലൈൻ സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പിടും

ഇന്ന് നടക്കുന്ന മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗുലവുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ മോദി സന്ദര്‍ശിച്ചിരുന്നു. മൗറിഷ്യസിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20 ലധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ക്രെഡിറ്റ് ലൈൻ സംബന്ധിച്ച ധാരണാപത്രത്തിലും മോദി ഒപ്പിടും.
മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ജനസംഖ്യയുടെ 70% വും ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകൾ സംബന്ധിച്ച് യുകെയുമായി ഒരു കരാറിലെത്താനുള്ള മൗറീഷ്യസിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഈ വിഷയം അടക്കം ചര്‍ച്ചയാകുമെന്നാണ് വിവരം.
2015ലും മോദി മൗറിഷ്യസ് സന്ദര്‍ശിച്ചിരുന്നു. അഗലേഗ ദ്വീപിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ അന്ന് ഒപ്പുവച്ചിരുന്നു. മൗറീഷ്യസ് പ്രതിരോധ സേനയുടെ കഴിവുകൾ ശക്തിപ്പെടുത്തുക, സമുദ്ര, വ്യോമ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു കരാര്‍.




ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, മൗറീഷ്യസുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മൗറീഷ്യസ് പോലുള്ള ദ്വീപ് രാഷ്ട്രങ്ങളുമായി അടുത്ത് പ്രവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സമുദ്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സാങ്കേതിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കുമെന്ന് സൂചനയുണ്ട്. ഡാറ്റ പങ്കിടൽ, പ്രാദേശിക സഹകരണം മെച്ചപ്പെടുത്തൽ, മൗറീഷ്യസിന്റെ വ്യാപാര ഇടനാഴികൾ സംരക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാകും ഈ കരാര്‍.
മൗറീഷ്യസിൽ വിവിധ വികസന പദ്ധതികളില്‍ സജീവമായി ഇടപെടുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദശകത്തിൽ ഏകദേശം 1.1 ബില്യൺ ഡോളർ വികസന സഹായം നൽകി. മെട്രോ എക്സ്പ്രസ്, ള്ള ചെറുകിട പദ്ധതികൾ, ഗ്രാന്റ് സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ് മഹാമാരി, എണ്ണ പ്രതിസന്ധി, ചിഡോ ചുഴലിക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങളിലും മൗറിഷ്യസിന് ഇന്ത്യ സഹായമെത്തിച്ചിരുന്നു.
സിംഗപ്പൂരിന് ശേഷം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്ന രണ്ടാമത്തെ വലിയ സ്രോതസ്സാണ് മൗറീഷ്യസെന്നാണ് റിപ്പോര്‍ട്ട്. ബഹിരാകാശ ഗവേഷണത്തിലും ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. 2023 നവംബറിൽ, ഒരു സംയുക്ത ഉപഗ്രഹം വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.