Pope Francis: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ഇന്ന്; റോമിൽ അവധി
Pope Francis's 12th Anniversary:2013-ൽ ഈ വർഷമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ഇന്ന്. 2013-ൽ ഈ വർഷമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രി കഴിയുന്ന മാർപാപ്പ ഇവിടെ നിന്ന് വാർഷികം ആചരിക്കും. ഇന്ന് റോമിൽ അവധിയാണ്. മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2013 മാർച്ച് 19 നാണ് ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേൽക്കുന്നത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസത്തോളമായി റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് 88 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ സുഖമായി വിശ്രമിച്ചതായി വത്തിക്കാൻ അറിയിച്ചു.
Also Read:മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്തു
സുഖംപ്രാപിച്ചുവരുന്ന മാർപാപ്പ വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ധ്യാനത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുക്കുന്നത്. ധ്യാനത്തിനു നേതൃത്വം നൽകുന്നത് ഫാ. റോബർട്ടോ പസോളിനിയാണ്.
കഴിഞ്ഞ മാസം 14-ാം തീയതിയാണ് ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഇരുകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് ആരോഗ്യനില സങ്കീർണമായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുണ്ടാവുകയായിരുന്നു. മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും അപകടനില തരണം ചെയ്തതായും കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്.