Pakistan Train Hijack: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു, 33 തീവ്രവാദികളെ വധിച്ചെന്ന് സൈന്യം
Pakistan Train Hijack: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിച്ച് സൈന്യം. ബലൂച്ചിസ്ഥാൻ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വെറ്റ: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി വിഘടനവാദികൾ ബന്ദിയാക്കിയ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചതായി പാക് സൈന്യം. സ്ഫോടക വസ്തുക്കൾ ദേഹത്ത് വെച്ച് ട്രെയിനിലുണ്ടായിരുന്ന 33 ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്കാരെ വധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിൽ 21 യാത്രക്കാരും 4 സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. 50 യാത്രക്കാരെ വധിച്ചതായി ബിഎൽഎ പത്രക്കുറിപ്പിറക്കി.
ഏറെ സങ്കീർണമായിരുന്നു രക്ഷാപ്രവകർത്തനം. ട്രെയിൻ നിർത്തിയിട്ട സ്ഥലത്ത് കനത്ത വെടിവയ്പ്പ് നടന്നിരുന്നു. ബന്ദികളായ യാത്രക്കാർക്കൊപ്പം ഓരോ കോച്ചിലും സ്ഫോടക വസ്തുക്കൾ ദേഹത്ത് വെച്ച് കെട്ടിയ ചാവേറുകൾ ഉണ്ടായിരുന്നു. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീകരർ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്വാെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വായിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് വിഘടനാവാദികൾ റാഞ്ചിയത്. ട്രെയിൻ ബലമായി നിർത്തിയ ശേഷം തോക്കുകളുമായി ഒരു സംഘം ട്രെയിനിനകത്തേക്ക് കയറുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ബലൂച്ചിസ്ഥാൻ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: യുദ്ധം അവസാനിക്കുമോ? 30 ദിവസത്തെ വെടിനിർത്തലിന് തയ്യാറെന്ന് യുക്രൈൻ
പാക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും ആക്റ്റിവിസ്റ്റുകളെയും 48 മണിക്കൂറിനകം വിട്ടയയ്ക്കണമെന്നായിരുന്നു ആവശ്യം. ഗുദലാറിനും പീരു കൊനേരിക്കുമിടയിൽ എട്ടാം നമ്പർ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് ബന്ദികളാക്കിയത്. 58 പുരുഷന്മാരെയും 31 സ്ത്രീകളെയും 15 കുട്ടികളെയുമാണ് ആദ്യ ഘട്ടത്തിൽ പാക് സൈന്യം മോചിപ്പിച്ചത്.
ബലൂച്ച് ലിബറേഷന്‍ ആര്‍മി ( ബി.എൽ.എ), ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഈ പ്രദേശം ബലമായി പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചതാണെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി പറയുന്നു. ബലൂചിസ്ഥാനെ വിമോചിപ്പിക്കുക എന്ന ആവശ്യവുമായി പതിറ്റാണ്ടുകളായി ആക്രമണങ്ങള്‍ നടത്തുന്ന ബലൂച്ച് ലിബറേഷൻ ആർമിയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2018ലും ഇത്തരത്തിൽ റിമോർട്ട് കൺട്രോളർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. 2023 ൽ, രണ്ട് മാസത്തിനിടെ ഒരേ സ്ഥലത്ത് വെച്ച് രണ്ടുതവണ ട്രെയിൻ ആക്രമിക്കപ്പെട്ടു. ജനുവരി 19 ന്, ക്വെറ്റയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബൊലാൻ ജില്ലയിലൂടെ പോകുമ്പോൾ ബോംബ് സ്ഫോടനത്തിൽ ട്രെയിൻ പാളം തെറ്റുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം ഒരു മാസത്തിനുശേഷം, ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ മറ്റൊരു സ്ഫോടനവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ക്വെറ്റ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.