Lisbon’s Gloria funicular tragedy: ലിസ്ബണിൽ ട്രാം പാളം തെറ്റി; 15 പേർക്ക് ദാരുണാന്ത്യം
Lisbon’s Gloria funicular tragedy: അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്കുലറായ (ട്രാം) എലവാഡോർ ഡ ഗ്ലോറിയ പാളം തെറ്റി തകർന്ന് 15 പേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കായിരുന്നു അപകടം. തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറൻ്റുകൾക്ക് സമീപമാണ് അപകടം നടന്നത്. കേബിൾ പൊട്ടിയതിനെ തുടർന്ന് ഫ്യൂണിക്കുലർ നിയന്ത്രണം വിട്ട് അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ പോർച്ചുഗീസ് പൗരന്മാരും വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോർച്ചുഗൽ ആരോഗ്യ മന്ത്രാലയം മേധാവി ടിയാഗോ അഗസ്റ്റോ പ്രസ്താവനയിൽ പറഞ്ഞു, എന്നാൽ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ കുട്ടികളില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലിസ്ബണിൻ്റെ ചരിത്രപരമായ ലാൻഡ്‌മാർക്കുകളിൽ നടന്ന ഈ ദുരന്തം ഭയാനകമാണ്,’ എന്ന് സിവിൽ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
1885-ൽ നിർമ്മിച്ച നൂറ്റാണ്ട് പഴക്കമുള്ള കേബിൾ റെയിൽവേയായ എലവാഡോർ ഡ ഗ്ലോറിയ, ലിസ്ബണിലെ ഏറ്റവും പ്രശസ്തമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ്. ലിസ്ബണിൽ കുത്തനെയുള്ള കുന്നുകളിലൂടെയുള്ള യാത്രക്ക് ഇത് വളരെ പ്രശസ്തമാണ്. ഓരോ ട്രാമിനും 42 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും, ന്യൂയോർക്ക് ടൈംസ് പ്രകാരം ലിസ്ബണിലെ പൊതുഗതാഗത ഓപ്പറേറ്ററായ കാരിസാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.